കൊച്ചി : സാമൂഹിക അടുക്കളയിൽ നിന്നും ഭക്ഷണം വാങ്ങാൻ കാത്തു നിൽക്കുന്നവരുടെ ഇടയിലേക്ക് വാഹനം നിയന്ത്രണം വിട്ട് പാഞ്ഞുകയറി. വാഹനത്തിൽ ഉണ്ടായിരുന്നവർ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. ഇതിൽ, രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയോടെ എറണാകുളം നോർത്ത് ടൗൺ ഹാളിന് സമീപത്തെ കമ്മ്യൂണിറ്റി കിച്ചനിന് മുന്നിൽ വച്ചാണ് സംഭവം. കുടിവെള്ളവുമായി വരികയായിരുന്ന ഏയ്‌സ് വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പതിവായി ഇവിടെ ഭക്ഷത്തിന് കാത്ത് നിന്നിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. അതേസമയം, വാഹനത്തിൽ ഡ്രൈവർ ഉൾപ്പടെ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഡ്രൈവർക്ക് സാരമായ പരിക്കുകളൊന്നുമില്ല. നിയന്ത്രണം വിട്ട വാഹനം ആളുകളെ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ മരത്തിൽ വന്നിടിച്ച് നില്ക്കുകയായിരുന്നു. നാട്ടുകാരും പൊലീസും എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ പരിക്കേറ്റവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഭക്ഷണം വാങ്ങാൻ എത്തിയവർ നോർത്ത് പാലത്തിന് താഴേ താമസിക്കുന്ന ഇതരസംസ്ഥാനക്കാരാണെന്നാണ് സ്ഥലത്ത് ഉണ്ടായിരുന്നവർ പറയുന്നത്.