കോലഞ്ചേരി: ലോക്ക് ഡൗണിനിടയിലും വിഷു വിപണി സജീവം. ഈസ്​റ്റർ, വിഷു ആഘോഷത്തോടനുബന്ധിച്ചു പൊലീസ് നടപടികളിൽ അയവ് വരുത്തിയതാണ് ജനങ്ങൾക്കും വ്യാപാരികൾക്കും ആശ്വാസമായത്. പ്രധാന മാർക്ക​റ്റുകളിലും,സൂപ്പർ മാർക്ക​റ്റിലും രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടു. ശാരീരിക അകലം പാലിച്ചു നിർത്തിയാണ് കടകളിൽ ആളുകളെ നിയന്ത്രിച്ചത്. ചിലയിടങ്ങളിൽ തിരക്ക് കൂടിയതിനാൽ പൊലീസ് തന്നെ നിയന്ത്രിക്കാനെത്തി. സർവ വിലക്കുകളും ലംഘിച്ച് ചെറിയ ടൗണുകളിൽ പോലും ആളുകൾ കൂട്ടമായെത്തിയതോടെ പൊലീസ് പരിശോധന വീണ്ടും ശക്തമാക്കി. ഇതിനിടയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് പടക്ക കടകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആക്ഷേപം ഉയർന്നു. കടകളിൽ രഹസ്യമായി വില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തി.

#കണികാണാനാവാതെ വിഗ്രഹങ്ങൾ

വിഷു വിപണിയിൽ തിളങ്ങേണ്ട വിഗ്രഹ കച്ചവടക്കാർക്കിത് കണ്ണീരിൻ്റെ വിഷുവായി മാറി. വിഷുക്കണിയിൽ ഇടമുള്ള ഓടക്കുഴലൂതുന്ന കൃഷ്ണരൂപങ്ങളുടെ കച്ചവടമാണ് ലോക്ക് ഡൗണിൽ ഇല്ലാതായത്. വിപണി പ്രതീക്ഷിച്ച് മാസങ്ങൾക്ക് മുമ്പു തന്നെ തമിഴ്‌നാട്ടിൽനിന്നും തൃശൂരിൽ നിന്നും പേപ്പറിലും പ്ലാസ്റ്റർ ഒഫ് പാരീസിലും തയ്യാറാക്കിയ വിവിധവലിപ്പങ്ങളിലുള്ള കൃഷ്ണ വിഗ്രഹങ്ങൾ മിക്ക കച്ചവടക്കാരും വില്പനയ്ക്കായി വാങ്ങിവെച്ചിരുന്നു. ഇത്തരം കടകൾക്ക് തുറക്കാൻ നിയന്ത്രണമുള്ളതിനാൽ വില്പന നടന്നില്ല.

#പപ്പടം പൊടിപൊടി‌ഞ്ഞു

ആഘോഷങ്ങളും ആരവങ്ങളും കൊവിഡ് കൊണ്ടു പോയതോടെ ഉള്ളുപൊള്ളിക്കഴിയുകയാണ് പപ്പട തൊഴിലാളികൾ.വേനൽക്കാലവും ഉത്സവകാലവും പപ്പടത്തൊഴിലാളികളുടെ സീസണാണ്. പപ്പടം ഉണക്കിയെടുക്കുന്നത് മുതൽ കൂടുതൽ വി​റ്റഴിക്കുന്നതുവരെ ഇക്കാലത്താണ്. എന്നാൽ, ഇപ്പോൾ വീടുകളിലേക്ക് നൽകുന്നതല്ലാതെ പപ്പടം വിപണിയിലേക്ക് നൽകാൻ ഇവർക്കാവുന്നില്ല. ലോക്ക് ഡൗണിനെത്തുടർന്ന് ആഴ്ചകളായി കച്ചവടമില്ലാതായതോടെ സംസ്ഥാനത്തെ രണ്ടുലക്ഷത്തോളംവരുന്ന ചെറുകിട പപ്പടത്തൊഴിലാളികൾക്കാണ് വരുമാനം മുട്ടിയത്.

#വില്പനയില്ലാതെ കണിക്കൊന്നയും

കണിയൊരുക്കാനുള്ള കണിക്കൊന്ന വില്പനക്കാരേയും ടൗണുകളിൽ കണ്ടില്ല. ജില്ലയിൽ പല സ്ഥലങ്ങളിലും വിഷുവിന് വളരെ മുമ്പെ കണിക്കൊന്ന തളിരിട്ടിരുന്നു. ലോക്ക് ഡൗൺ തുടരുന്നതിനാൽ ഇക്കുറി പതിവ് വിഷു ആഘോഷമില്ല . അതോടെ പേരിനു മാത്രമായി കണിയൊരുക്കലും .എല്ലാ വർഷവും വിഷു സീസണിൽ ഓഫീസുകൾ അലങ്കരിക്കാനും മ​റ്റും കണിക്കൊന്നപ്പൂക്കൾ ഉപയോഗിച്ചിരുന്നു.വാഹനങ്ങളിലും മ​റ്റും കൊണ്ടുനടന്ന വില്പന നടത്തിയവർക്ക് ഇക്കുറി ലോക്ക് ഡൗണിൽ പുറത്തിറങ്ങാനായില്ല.