കൊച്ചി: കൊവിഡ് പരിശോധനകളുടെ ഭാഗമായുള്ള സ്രവ ശേഖരണം സുഗമമാക്കുന്നനതിനായി എറണാകുളം ജില്ലയിലെ ഡോക്ടർമാർ രൂപം കൊടുത്ത വിസ്‌കിന് അയൽ സംസ്ഥാനങ്ങൾക്കും പ്രിയമേറുന്നു. കൊച്ചിയിൽ നിന്നും 14 വിസ്‌ക് കിയോസ്‌കുകൾ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. തമിഴ്‌നാട് വെല്ലൂർ മെഡിക്കൽ കോളേജിലും തിരുവണ്ണാമല മെഡിക്കൽ കോളേജിലും വിസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്തും. പേഴ്‌സണൽ പ്രോട്ടക്ഷൻ കിറ്റിന്റെ ഉപയോഗം കുറക്കുന്നതോടൊപ്പം നിമിഷ നേരം കൊണ്ട് സ്രവം ശേഖരിക്കാമെന്നതുമാണ് വിസ്‌കിന് പ്രിയമേറിയത്.
അണുവിമുക്തമായി തയ്യാറാക്കപ്പെട്ട കിയോസ്‌കുകളിൽ സാംപിൾ ശേഖരിക്കുന്നവരുടെയും നൽകുന്നവരുടെയും സുരക്ഷക്കായി മാഗ്‌നെറ്റിക്ക് വാതിൽ, എക്‌സോസ്റ്റ് ഫാൻ, അൾട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ തവണ സാംപിൾ ശേഖരിച്ച ശേഷവും കിയോസ്‌കിൽ ക്രമീകരിച്ചിട്ടുള്ള കയ്യുറയും സമീപമുള്ള കസേരയും അണുവിമുക്തമാക്കുകയും ചെയ്യും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയിട്ടുള്ളത്. ദക്ഷിണ കൊറിയയിൽസാമ്പിൾ ശേഖരണത്തിന് സ്വീകരിച്ച മാതൃകയാണ് ഇതിന് ആധാരമാക്കിയത്.