കൊച്ചി: കൊവിഡും ലോക്ക് ഡൗണുമൊന്നും വിഷു ആഘോഷങ്ങളുടെ പ്രഭ കെടുത്തിയില്ല. ഇന്നലെ രാവിലെ മുതൽ പച്ചക്കറി കടകളിൽ നല്ല തിരക്കായിരുന്നു. എറണാകുളം മാർക്കറ്റിൽ തിരക്ക് രൂക്ഷമായതോടെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിയന്ത്രിച്ചു. വിഷുക്കണിയിലെ പ്രധാന താരമായ കണിവെള്ളരിക്കായിരുന്നു ഇന്നലെ ഏറ്റവും ഡിമാന്റ്. സാമ്പാർ, അവിയൽ, തോരൻ തുടങ്ങി മറ്റു വിഭവങ്ങൾക്കുള്ള ഇനങ്ങളും ആളുകൾ വാങ്ങിക്കൂട്ടി. ബീൻസ് ഒഴികെ മറ്റ് സാധനങ്ങൾക്കെല്ലാം താരതമ്യേന വില കുറവായത് ആശ്വാസമായി. കഴിഞ്ഞ ആഴ്ച 40 രൂപയ്ക്ക് ലഭ്യമായിരുന്ന ബീൻസിന് ഇന്നലെ 70 രൂപയായി. കൊവിഡ് നിയന്ത്രണങ്ങൾ വക വയ്ക്കാതെ സാധനങ്ങൾ വാങ്ങാൻ ഇന്നലെ സ്ത്രീകളും കടയിലെത്തി.

# ഇല കിട്ടാനില്ല

മിക്ക കടകളിലും ഇല കിട്ടാനുണ്ടായിരുന്നില്ല. സദ്യ ഇലയിൽ കഴിച്ചു ശീലമുള്ളവർ ഇത്തവണ ഉൗണ് പ്ളേറ്റിലേക്ക് മാറ്റാമെന്ന് തീരുമാനിച്ചു. വിൽക്കാൻ കഴിയുമോയെന്ന ആശങ്ക മൂലം മിക്ക കച്ചവടക്കാരും ഇത്തവണ ഇല സൂക്ഷിക്കാൻ മിനക്കെട്ടില്ല. ചക്കയും മാങ്ങയുമെല്ലാം മാർക്കറ്റിൽ സുലഭം. ചക്ക കിലോയ്ക്ക് 30 രൂപ വീതം മുറിച്ചു വിറ്റു. മൂവാണ്ടൻ, പ്രിയോർ തുടങ്ങി നാടൻ മാങ്ങകളും ലഭ്യമായിരുന്നു .

# അരങ്ങിൽ നിന്ന്

അടുക്കളയിലേക്ക് ആണുങ്ങളും

ആണുങ്ങൾ അടുക്കളയിൽ സജീവമാകുന്ന വിഷുക്കാലം എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ വിശേഷം. പാചകം ചെയ്യുന്ന പുരുഷൻമാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ട്രെൻഡ്. പുരുഷൻമാരെ പാചകത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുന്നതിനായി കുക്കിംഗ് വിദഗ്‌ദ്ധർ തന്നെ ഓൺലൈൻ ക്ളാസുകൾ നടത്തുന്നുണ്ട്. കറിക്ക് നുറുക്കിയോ പാത്രം കഴുകിയോ ആവുംവിധത്തിൽ സഹായിക്കാൻ ഭർത്താവും മക്കളും ഒപ്പം കൂടുന്നതിനാൽ കൊവിഡ് കാലത്തെ വിഷു മധുരിക്കുമെന്ന് വീട്ടമ്മമാർ പറയുന്നു.