മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിലെ അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിൽ കോവിഡ് സ്ക്രീനിംഗ് ക്യാമ്പുമായി പീസ് വാലിയുടെ സഞ്ചരിക്കുന്ന ആശുപത്രി തുടക്കമായി. ആരോഗ്യ വകുപ്പിൻ്റെ പ്രത്യേക അനുമതിയോടെ തണൽ പാലിയേറ്റീവ് കെയർ, മർവ എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് മൂവാറ്റുപുഴയിൽ സ്ക്രീനിംഗ് ക്യാമ്പുകൾ നടത്തിയത്. കോതമംഗലം പീസ് വാലി, ആസ്റ്റർ വളൻ്റീയേഴ്സ് എന്നിവരുടെ സംയുക്ത സംരംഭമായ സഞ്ചരിക്കുന്ന ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അറുന്നൂറോളം അന്യസംസ്ഥാന തൊഴിലാളികളെയാണ് കോവിഡ് സ്ക്രീനിംഗ് ടെസ്റ്റിന് വിധേയമാക്കിയത്. ആദ്യ ഘട്ടത്തിൽ പായിപ്ര, കാവുങ്കര, മാർക്കറ്റ് എന്നീ മേഖലകളിലെ അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് സ്ക്രീനിംഗ് നടത്തിയത്. പേഴയ്ക്കാ പിള്ളി കവലയിൽ നടന്ന ചടങ്ങിൽ ടെസ്റ്റിൻ്റെ ഉദ്ഘാടനംഎൽദോ എബ്രഹാം എം. എൽ .എ, നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ .അരുൺ സംസാരിച്ചു. കാവുംങ്കരയിൽ നടന്ന ക്യാമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ, കൗൺസിലർമാരായ പി.വൈ. നൂറുദ്ദീൻ, സി.എം.ഷുക്കൂർ എന്നിവർ സന്ദർശിച്ചു. ഡോക്ടർ, നേഴ്സ്, ലാബ് ടെക്‌നീഷ്യൻ, പേഷ്യന്റ് കെയർ ഫെസിലിറ്റേറ്റർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിൽ ഉള്ളത്. സാമൂഹിക അകലം പാലിക്കുന്നതിൻ്റെ ഭാഗമായി ഒരെ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിച്ചത്. ഡോക്ടർ മുഹമ്മദ് ഹസ്സൻ, ഡോ ഷെർവിൻ ചാക്കോ എന്നിവർ സ്‌ക്രീനിംഗിനു നേതൃത്വം നൽകി. നാസർ ഹമീദ്, സി എ ബാവ, മുഹ്‌ലീസ് അലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.