covid-19

കൊച്ചി : കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനത്തെ ഹോമിയോ ഡോക്ടർമാരെ അനുവദിക്കണമെന്ന ഹർജിയിൽ വിശദീകരണം നൽകാൻ സർക്കാർ സമയം തേടി. ഇതോടെ, കോഴിക്കോട് സ്വദേശി അഡ്വ. എം.എസ്. വിനീത് നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഏപ്രിൽ 17 ന് പരിഗണിക്കാൻ മാറ്റി. കൊവിഡ് ചികിത്സയിൽ നിന്ന് ഹോമിയോ ഡോക്ടർമാരെ വിലക്കി സർക്കാർ നിർദ്ദേശമുണ്ടോയെന്ന് അറിയിക്കാനാണ് സർക്കാർ അഭിഭാഷകൻ സമയം തേടിയത്.

കൊവിഡ് ചികിത്സയ്ക്ക് ഹോമിയോപ്പതി ഉൾപ്പെടെയുള്ള വൈദ്യശാസ്ത്ര രീതികൾ പരിഗണിക്കാൻ കേന്ദ്ര ആയുഷ് മന്ത്രാലയം മാർച്ച് ആറിന് സംസ്ഥാന സർക്കാരുകൾക്ക് വിജ്ഞാപനത്തിലൂടെ നിർദേശം നൽകിയിരുന്നു. പല സംസ്ഥാനങ്ങളും വിജ്ഞാപനം നടപ്പാക്കിയെങ്കിലും കേരളത്തിൽ നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. ആയുർവേദത്തിന് അനുമതി നൽകി സ്റ്റേറ്റ് ആയുഷ് സെക്രട്ടറി ഹോമിയോപ്പതിയെ അവഗണിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു.