കൊച്ചി: "വിഷുവാണല്ലേ, അപ്പോ ഇന്ന് എന്റെ പിറന്നാളുമാണല്ലോ! എറണാകുളം മെഡിക്കൽ കോളേജിലെ അസി. പ്രൊഫസറായ ഡോ. അനിതയുടെ വാക്കുകൾ."

രണ്ടുമാസത്തോളമായി കൊവിഡ് രോഗികളെ ചികിത്സിക്കുന്ന തിരക്കിലാണ് അനിത. കഴിഞ്ഞു പോയ ആഘോഷ ദിവസങ്ങളൊന്നും ഓർമ്മയില്ല. പുതുവർഷ പുലരിയിലും ഡ്യൂട്ടിയിലായിരുന്നു. ഇപ്പോഴുമതേ. വിഷുവാണെന്ന് പറഞ്ഞപ്പോഴാണ് ഓർത്തത് തന്നെ."

ഇന്നലെ രാത്രി എട്ടുമണി മുതൽ 12 മണിക്കൂറോളം ഡ്യൂട്ടിയിലായിരുന്നു.

ഡോ. അനിതയെ പോലെ ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി ക്ലീനിംഗ് സ്റ്റാഫ്, കാന്റീൻ തൊഴിലാളികൾ എന്നിങ്ങനെ നൂറുകണക്കിന് ആരോഗ്യപ്രവർത്തകരാണ് എറണാകുളം മെഡിക്കൽ കോളേജിലും ജില്ലയിലെ മറ്റ് ആശുപത്രികളിലും വിഷുവും ഈസ്റ്ററും പിറന്നാളുമൊക്കെ മറന്ന് കൊവിഡിനെതിരെ പോരാടുന്നത്.

താമസവും ആശുപത്രിയിൽ

മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കിയതോടെ ആരോഗ്യപ്രവർത്തകരിൽ ഭൂരിഭാഗം പേരും താമസം ആശുപത്രിയിലോ തൊട്ടടുത്ത പ്രദേശങ്ങളിലേക്കോ മാറ്റി. ഡോക്ടർമാർക്കുൾപ്പെടെ അഞ്ചു ദിവസം ജോലി, പത്തു ദിവസം അവധി എന്നതാണ് ഇപ്പോൾ ചട്ടം. വീട്ടിലുള്ളവരുടെ സുരക്ഷ പരിഗണിച്ച് പലരും അവധിയിലും മടങ്ങുന്നില്ല. അതിലുപരി അടിയന്തര സാഹചര്യം വന്നാൽ വിളിപ്പുറത്തുണ്ടാകണമെന്ന കരുതൽ വേറെയും.

ആശുപത്രിയിലെ ഹോസ്റ്റലുകളിലും ഐ.എം.എയുടെ കെട്ടിടങ്ങളിലും മാത്രമല്ല ആരോഗ്യപ്രവർത്തകരുടെ താമസം. ആശുപത്രിക്കടുത്തുള്ള ഓഫീസ് മുറികൾ പോലും കിടപ്പുമുറികളാക്കി. തങ്ങൾക്ക് സൗകര്യം കുറഞ്ഞാലും രോഗികൾക്ക് ഒരു ബുദ്ധിമുട്ട് പോലും വരരുതെന്ന് ഇവർക്ക് നിർബന്ധമുണ്ട്. വിഷുവിന് ഒരില സദ്യ കഴിക്കാനാകുമോ എന്ന കാര്യത്തിലും ഇവർക്ക് ഉറപ്പൊന്നുമില്ല. ആശുപത്രിയിൽ നിന്ന് നൽകുന്നതാണ് ഭക്ഷണം.

ദു:ഖം വീട്ടുകാരെയോർത്ത്

നല്ല നാളേയ്ക്ക് വേണ്ടിയാണ് തങ്ങൾ ആഘോഷങ്ങൾ മറക്കുന്നതെന്ന് പറയുമ്പോഴും തങ്ങൾക്കായി വീട്ടിലെ ആഘോഷങ്ങൾ മാറ്റി വച്ച് കഴിയുന്ന വീട്ടുകാരെയോർത്ത് ഇവർക്ക് സങ്കടമുണ്ട്. പ്രായമായ അമ്മയെ തനിച്ചാക്കിയും കുഞ്ഞുമക്കളെ വീട്ടുകാരെ ഏൽപ്പിച്ചും വന്നവരൊക്കെ വൈകാതെ തിരികെ ചെന്ന് കൈവിട്ടു പോയ ആഘോഷങ്ങൾ തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ്. അതിനായി ഈ വിഷുദിനത്തിൽ ആശംസകൾക്ക് പകരം മറ്റുള്ളവരോട് വീട്ടിലിരിക്കണമെന്ന അപേക്ഷയാണ് ഇവർക്കുള്ളത്.