പറവൂർ : ദുരിതാശ്വാസ സഹായം നൽകാനാണെന്ന പേരിൽ സോഷ്യൽ മീഡിയ വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി അനധികൃത പണപ്പിരിവ് നടത്തിയതായ പരാതിയിൽ ആലങ്ങാട് പാനായിക്കുളം വേഴപ്പിള്ളി വീട്ടിൽ വി.എം. നസീറിനെതിരെ ബിനാനിപുരം പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസമാണ് ഇയാൾ രോഗികളെ ആശുപത്രിയിലാക്കാനും അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം നൽകാനും സഹായം വേണമെന്നുകാട്ടി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും സഹിതം ഫെയ്‌സ്ബുക്കിൽ പോസ്റ്റുചെയ്തത്. ഇത് സംബന്ധിച്ച് ആലങ്ങാട് സ്വദേശിയായ എ.ആർ. രഞ്ജിത് കളക്ടർക്കും ബിനാനിപുരം പൊലീസിലും പരാതി നൽകി. പൊലീസ് പരിശോധനയിൽ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ട പോസ്റ്റ് കണ്ടെത്തി നീക്കംചെയ്തു.