മൂവാറ്റുപുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കോൺവെന്റുകൾക്കും അഗതിഅനാഥ മന്ദിരങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച സൗജന്യറേഷനും കിറ്റ് വിതരണ നടപടി ക്രമങ്ങളും ഉദാരമാക്കി. കിറ്റ് വിതരണത്തിലെ പ്രയാസങ്ങൾ ചൂണ്ടികാണിച്ച് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.ഹാരീസും വിവിധ അഗതി മന്ദിര അധികൃതരും ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ഏഴിന് സർക്കാർ ഇറക്കിയ ഉത്തരവിൽ അഗതി മന്ദിരങ്ങൾ, ക്ഷേമസ്ഥാപനങ്ങൾ, കോൺവെന്റുകൾ എന്നിവയ്ക്ക് സൗജന്യ റേഷൻ ലഭിക്കാനായി ജില്ലാ സാമൂഹ്യക്ഷേമ വകുപ്പ് ഓഫീസിൽ നേരിട്ടെത്തി അനുമതി വാങ്ങിക്കണമായിരുന്നു. എന്നാൽ ജില്ല കേന്ദ്രത്തിലിരിക്കുന്ന സാമൂഹിക ക്ഷേമവകുപ്പിന്റെ ഓഫീസിലെത്തുവാൻ ഗതാഗത സൗകര്യം ലഭ്യമല്ലെന്ന വിവരം ചൂണ്ടികാട്ടായാണ് നിവേദനം നൽകിയത്. അഗതി മന്ദിരത്തിലെ അന്തേവാസികളുടെ പ്രയാസം മനസിലാക്കിയ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസിലെത്തി അംഗീകാരം വാങ്ങണമെന്നും അപേക്ഷകൾ മറ്റ് രേഖകൾക്കൊപ്പം ജില്ലാ സപ്ലൈഓഫീസർക്ക് ഓൺലൈനിൽ അയച്ചാൽ മതിയെന്നും ധാരണയായതോടെയാണ് പ്രതിസന്ധിയ്ക്ക് പരിഹാരമായത്.