വൈപ്പിൻ : എറണാകുളം ജില്ലയിലെ ശിവകാശി എന്നറിയപ്പെടുന്ന ചെറായി മേഖലയുടെ ഏറ്റവും തിളക്കമേറിയതും തിരക്കേറിയതുമായ സമയമാണ് ഈസ്റ്റർ, വിഷു കാലം. വൈവിദ്ധ്യമാർന്ന പടക്കങ്ങളും വർണക്കാഴ്ചകളൊരുക്കുന്ന തിരികളുമെല്ലാം ഇവിടെയാണ് തയ്യാറാക്കിയിരുന്നതും വിപണനം നടത്തിയിരുന്നതും. പടക്കവ്യവസായരംഗത്തെ പ്രമുഖരുടെ താവളം കൂടിയായിരുന്നു ചെറായി. അതിനാൽത്തന്നെ വിഷു, ഈസ്റ്റർ ദിനങ്ങളടുത്താൽ ജില്ലയുടെ പലഭാഗങ്ങളിൽ നിന്നും ചെറായിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു. വീടുകളിലേക്കും ചില്ലറ വില്പനക്കാരുടെ കടകളിലേക്കും പടക്കങ്ങളും വിവിധയിനം കമ്പിത്തിരി ,മത്താപ്പ്, ചക്രം സാധനങ്ങളുമായിട്ടായിരുന്നു മടക്കം. മറ്റെവിടെനിന്നും ലഭിക്കാത്ത വിലക്കുറവ് ചെറായിയുടെ പ്രത്യേകതയാണ്.

# വിപണിയെ കൊവിഡ് തകർത്തു

എന്നാൽ കോവിഡ് -19മായി ബന്ധപ്പെട്ട ലോക്ക് ഡൗണിൽ ചെറായിയിലെ പടക്ക വിപണിതകർന്നു തരിപ്പണമായി. വിഷുത്തലേന്ന് ആയിരങ്ങൾ ഇവിടേക്ക് പ്രവഹിക്കേണ്ടതായിരുന്നു. കടകൾ തുറക്കാൻ അനുവാദമില്ലാതിരുന്നതിനാലും വാങ്ങാനെത്തുന്നവർക്ക് എത്തിപ്പെടാനുള്ള തടസങ്ങളുണ്ടായതിനാലും ഇവിടെ ഇന്നലെ ശ്മശാന മൂകതയായിരുന്നു.

പടക്ക വ്യാപാരികൾക്കെല്ലാം വൻ നഷ്ടമാണ് സംഭവിച്ചത്.. പ്രളയ ദുരിതത്തിൽ എല്ലാം നശിച്ച പടക്കമേഖല കുറെക്കാലത്തെ പരിശ്രമമായി പച്ചപിടിച്ചു വരികയായിരുന്നു. ഈ വിഷുക്കാലത്തോടെ പഴയ പ്രതാപത്തിലെത്താമെന്നായിരുന്നു പ്രതീക്ഷ.അവരുടെ ഒരു വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ദിനങ്ങളാണ് ഇല്ലാതായത്

വൻ സാമ്പത്തിക ബാദ്ധ്യതയിലായ പടക്കവ്യാപാരികൾക്ക് സർക്കാർ സഹായം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.