കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ. സമിതിയുടെ കീഴിൽ നടത്തിവന്നിരുന്ന ഓപ്പറേഷൻ ബ്രേക്ക്ത്രൂ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന് മേയർ സൗമിനി ജെയിൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും കത്തയച്ചുവെന്നും മേയർ അറിയിച്ചു. ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ മഴക്കാല പൂർവ്വ പ്രവൃത്തികളുടെ ഭാഗമായി നഗരസഭ നടത്തിവരാറുള്ള ചെളികോരൽ, റോഡുകളുടെ ടാറിംഗ്, അമൃത് പദ്ധതിയിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് പൈപ്പ് ഇടുന്ന പ്രവൃത്തികൾ, ആശുപത്രി,സ്‌കൂൾ തുടങ്ങിയ പൊതുകെട്ടിടങ്ങളുടെ നിർമ്മാണ പ്രവൃത്തികൾ ഉൾപ്പെടെ വിവിധ പ്രവൃത്തികൾ മുടങ്ങിയിരിക്കുകയാണ്. ഈ ജോലികളെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിന് പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും ചീഫ് എൻജിനീയർക്കും കത്തയച്ചുവെന്നും മേയർ പറഞ്ഞു.