കൊച്ചി: കൊവിഡ് രോഗികളെ വ്യോമമാർഗം ദ്വീപുകളിൽ നിന്നോ കപ്പലുകളിൽ നിന്നോ രക്ഷിച്ച് വൈറസ് പകരാതെ ആശുപത്രികളിൽ എത്തിക്കാൻ ആവശ്യമായ സംവിധാനം കൊച്ചി നാവികത്താവളത്തിലെ നേവൽ എയർക്രാഫ്റ്റ് യാർഡ് രൂപകല്പന ചെയ്തു.
രക്ഷാപ്രവർത്തകർക്ക് വൈറസ് പകരാത്ത വിധത്തിൽ പ്രത്യേക കവചമാണ് തയ്യാറാക്കിയത്. അതിനുള്ളിൽ രോഗിയെ കിടത്തി വിമാനമാർഗം ആശുപത്രികളിൽ എത്തിയ്ക്കാൻ കഴിയും. ഇതുമൂലം രക്ഷാപ്രവർത്തനം കഴിഞ്ഞ് വിമാനം അണുമുക്തമാക്കേണ്ടതില്ല.
നേവൽ എയർ സ്റ്റേഷനിലെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറുടെയും നാവിക ആശുപത്രിയായ സഞ്ജീവനിയിലെ വിദഗ്ദ്ധരുടെയും നിർദ്ദേശങ്ങൾ സ്വീകരിച്ചാണ് സംവിധാനം രൂപകല്പന ചെയ്തത്. 32 കിലോ ഭാരമുള്ള സംവിധാനത്തിന് അര ലക്ഷം രൂപ മാത്രമാണ് നിർമ്മാണ ചെലവ്. ഇറക്കുമതി ചെയ്യുന്ന ഇത്തരം ഉപകരണങ്ങൾക്ക് 59 ലക്ഷം രൂപ വരെ ചെലവാകുമെന്ന് നാവിക വക്താവ് പറഞ്ഞു. ഡോർണിയർ ഉൾപ്പെടെ സേനയുടെ വിമാനങ്ങൾ ഉപയോഗിച്ച് ഇവയുടെ പ്രവർത്തനം വിജയകരമായി പരീക്ഷിച്ചു.