കോലഞ്ചേരി: ലോക്ക് ഡൗൺ ലംഘനത്തിൽ കസ്റ്റഡിയിലായ വാഹനങ്ങൾ വിട്ടുകിട്ടിയവർക്ക് പണികൾ പിന്നാലേയുണ്ട്.

തൽക്കാലം ഇവ റോഡിലിറക്കാനാവില്ല. വീട്ടിൽ തന്നെ സൂക്ഷിക്കണം. വീണ്ടും നിരത്തിലിറങ്ങി പിടിയിലായാൽ നടപടി കടുത്തതായിരിക്കും. ജാമ്യം പോലും ലഭിക്കാത്ത തരത്തിലായിരിക്കും പുതിയ പണി. വാഹനങ്ങൾ കോടതി വഴി മാത്രമെ പിന്നീട് വിട്ടു നല്കൂ.

സ്റ്റേഷനുകളിൽ സ്ഥലസൗകര്യമില്ലാത്തതിനാൽ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്നും ഉപയോഗിക്കരുതെന്നും കച്ചീട്ട് എഴുതി വാങ്ങിയാണ് ഇപ്പോൾ വാഹനങ്ങൾ വിട്ടു നൽകുന്നത്. കൊണ്ടുപോകുന്നയാളുടെ ചിത്രവും എടുത്തു സൂക്ഷിക്കുന്നുണ്ട്.

പകർച്ചവ്യാധി നിയന്ത്റണ ഓർഡിനൻസും ഐ.പി.സി ആക്ടും കേരള പൊലീസ് ആക്ടും അനുസരിച്ച് ഒരുമാസം മുതൽ മൂന്ന് കൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കേസിൽ ചുമത്തുക.

വകുപ്പുകൾ കഠിനം, കഠിനം

കേരള പകർച്ചവ്യാധി ഓർഡിനൻസ് 4(2)(എഫ്),5 കളക്ടറുടെ ഉത്തരവ് പ്രകാരമുള്ള വിലക്ക് ലംഘിക്കുന്നത് രണ്ടുവർഷം വരെ തടവോ 10,000 രൂപവരെ പിഴയോ ലഭിക്കാവുന്ന കു​റ്റകൃത്യമാണ്.

ഐ.പി.സി 188 അനുസരിച്ച് ഒരു മാസം തടവോ പിഴയോ രണ്ടും കൂടിയോ ഉള്ള ശിക്ഷയും ലഭിക്കും.

പൊലീസിന്റെ ഉത്തരവ് ലംഘിക്കുന്ന ആളുകളിൽ നിന്ന് മറ്റൊരാൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുകയാണെങ്കിൽ ആറുമാസത്തെ തടവ് ശിക്ഷ വരെ ലഭിച്ചേക്കാം.

ഐ.പി.സി 269 വകുപ്പു പ്രകാരം ആറുമാസത്തെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.

കേരള പൊലീസ് ആക്ട് 118(ഇ) പ്രകാരം മൂന്ന് വർഷം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിച്ചേക്കാം.