വാഷിംഗ്ടൺ: അമേരിക്കയെ വിറപ്പിക്കുകയാണ് കൊവിഡ്. രോഗബാധികർക്കൊപ്പം മരണ നിരക്കും ഉയരുകയാണ്. ഇതിനിടെ അമേരിക്കയെ ഭീതിയിലാഴ്ത്തി മറ്റൊരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. അമേരിക്കൻ വിമാനവാഹിനി കപ്പലിലെ സേനാംഗം കൊവിഡിനെ കീഴടങ്ങി. യു.എസ്.എസ് തിയോഡർ റൂസ്‌വെൽറ്റ് എന്ന വിമാനവാഹിനിക്കപ്പലിലെ നാവികനാണ് മരണപ്പെട്ടതെന്നു യു.എസ് നാവിക സേന അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.
പസഫിക്ക് സമുദ്രത്തിലെ ഗുവാം തീരത്ത് അടുപ്പിച്ചിരിക്കുന്ന യു.എസ്.എസ് തിയോഡർ റൂസ്‌വെൽറ്റ് കപ്പലിലെ നാവികർ തീരത്ത് ക്വാറന്റൈനിൽ കഴിയുകയാണ്. ഡ്യൂട്ടിയിലിരിക്കെ മരണപ്പെടുന്ന ആദ്യ നാവികസേനാംഗമാണിയാൾ. കപ്പലിലെ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നേവി അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നും ആരും തീവ്രപരിചരണ വിഭാഗത്തിലില്ലെന്നും അധികൃതർ അവകാശപ്പെട്ടു. തിയോഡർ റൂസ്‌വെൽറ്റ് കൂടാതെ മൂന്നു വിമാനവാഹിനി കപ്പലുകളിലെ സേനാംഗങ്ങൾക്കും നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. യു.എസ്.എസ് നിമിറ്റ്‌സ്, യു.എസ്.എസ് റോണൾഡ് റീഗൻ, യു.എസ്.എസ് കാൾ വിൻസൻ എന്നീ കപ്പലുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.