medi

കൊച്ചി: പുതിയ കേസുകളില്ല. ഒടുവിൽ ആശുപത്രിവിട്ടത് രണ്ട് പേർ. വീടുകളിൽ നിരീക്ഷണത്തി ലുള്ളവരുടെ എണ്ണവും താഴേക്ക്. കണക്കുകൾ പരിശോധിക്കുമ്പോൾ ആശ്വാസ തീരത്തക്ക് നീങ്ങുകയാണ് കൊച്ചി. എങ്കിലും ജാഗ്രത കടുപ്പിക്കുകയല്ലാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല ജില്ലാ ഭരണകൂടം. ഏഴ് പേരാണ് നിലവിൽ കൊവിഡ് രോഗം ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. വിവിധ ആശുപത്രികളിലെ ഐസൊലേഷനിൽ 28 പേരും നിരീക്ഷണത്തിലുണ്ട്. ഇതിൽ, നാല് പേരെ ഇന്നലെയാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. പുതുതായി 94 പേരെയാണ് വീടുകളിൽ നിരീക്ഷണ കഴിയാൻ നിർദ്ദേശിച്ചിട്ടുള്ളത്. 1,629 പേരാണ് ആകെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. നിരീക്ഷണ കാലയാളവ് പൂർത്തിയാക്കിയ 497പേരെ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 116 സാമ്പിളുകളുടെ ഫലം കൂടി ഇനി ലഭിക്കാനുണ്ട്. ഇവ ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിശോധന ശക്തമാക്കി പൊലീസ്
ഈസ്റ്ററിനും വിഷുവിനും നിരത്തിലേക്ക് ഇറങ്ങിയ ആളുകളെ കണ്ട് ഞെട്ടിയ പൊലീസ്, ജില്ലയിൽ പരിശോധന കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ആലുവ, പെരുമ്പാവൂർ,മൂവാറ്റുപുഴ,നെടുമ്പാശേരി, പശ്ചിമ കൊച്ചി, പറവൂർ, ജില്ലയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിലെല്ലാം പുലർച്ചെ മുതൽ പൊലീസ് റോഡുകളിൽ പരിശോധന നടത്തുന്നുണ്ട്. കൊച്ചി സിറ്റി പരിധിയെ അപേക്ഷിച്ച് എറണാകുളം റൂറൽ ജില്ലയിലാണ് ലോക്ക് ഡൗൺ ലംഘനം കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഇത് കണക്കിലെടുത്ത് റൂറൽ ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഡ്രോൺ ക്യാമറ ഉപയോഗിച്ചിള്ള പരിശോധ എല്ലാ സ്റ്റേഷനുകളിലും ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ വ്യാജ വാറ്റ് തടയാനുള്ള എക്‌സൈസ് പരിശോധനയും ഊർജിതമാണ്. അതേസമയം, ആവശ്യ സാധനങ്ങൾ വില്ക്കുന്ന വ്യാപാര സ്ഥാപനങ്ങൾ രാവിലെ തന്നെ തുറന്നിട്ടുണ്ട്. തിരക്ക് കുറവാണെങ്കിലും സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദ്ദേശം പൊലീസ് നൽകിയിട്ടുണ്ട്.