മെക്സിക്കോ സിറ്റി: ലോക പ്രസിദ്ധമാണ് മെക്‌സിക്കോയിലെ ഒാക്സാക ലാ വെന്റാനില ബീച്ച്. രണ്ട് മാസം മുമ്പ് വരെ സഞ്ചാരികളാൽ തിങ്ങിനിറഞ്ഞ ബീച്ചിൽ ഇപ്പോൾ ചിലർ കൊവിഡ് കാലം അടിച്ച് പൊളിക്കുകയാണ്. ആരാണ് ഈ വിരുതരെന്ന് കേട്ടാൽ ചിലപ്പോൾ ആശ്ചര്യപ്പെട്ടേക്കും. ഒരു കൂട്ടം മുതലകൾ ! കൊവിഡിനെ തുടർന്ന് ബീച്ചിൽ ആളൊഴിഞ്ഞതോടെയാണ് തീരം മുതലകൾ കൈയടക്കിയത്.
ബീച്ചിൽ നീന്തി തുടിച്ചും വെയിലേറ്റ് കിടന്നുമാണ് മുതലക്കൂട്ടം സമയം ചെലവഴിക്കുന്നത്. സംഭവം മെക്‌സിക്കൻ പത്രം റിപ്പോർട്ട് ചെയ്തതോടെ മുതലകളുടെ സൺബാത്ത് വൈറാലായി. അതേസമയം, വാർത്ത് പുറത്ത് വന്നതിന് പിന്നാലെ അവിടത്തെ വനം വകുപ്പ് ജീവനക്കാരെത്തി മുതലകളെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റിയത്രേ.
മുതലകളെ പിടികൂടി മാറ്റുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് മനുഷ്യർ വീടുകളിലേക്ക് ഒതുങ്ങിയതോടെയാണ് വന്യമൃഗങ്ങൾ കാടിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. നേരത്തെ,കോഴിക്കോട് മേപ്പയൂരിൽ മലബാർ സിവെറ്റ് എന്നറിയപ്പെടുന്ന അപൂർവ്വമായ ജീവി സീബ്രാക്രോസിംഗ് കടന്നുപോവുന്ന വീഡിയോ വൈറലായിരുന്നു. രാത്രിമാത്രം പുറത്തിറങ്ങുന്ന ഈ സസ്തനി മെല്ലെ നഗരത്തിലൂടെ നടക്കുന്ന വീഡിയോയാണ് വൈറലായത്. ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവിയാണ് മലബാർ സിവെറ്റ്.1990 ന് ശേഷം 2014 വരെ നടത്തിയിട്ടുള്ള സർവ്വേകളിൽ ഈ ജീവിയെ കണ്ടെത്താനായിട്ടില്ല. ലോകത്ത് പലഭാഗങ്ങളിൽ നിന്നും ഇത്തരം വാർത്തകൾ പുറത്ത് വരുന്നുണ്ട്.