കോലഞ്ചേരി: മാസ്‌ക്കുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് മെഡിക്കൽ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. നിരത്തുകളിൽ പോലും മാസ്ക്കുകൾ ഉപേക്ഷിക്കുകയാണ് പലരും. ശരിയായ മാസ്‌ക്ക് ഉപയോഗരീതിയും നാം സ്വഭാവത്തിന്റെ ഭാഗമാക്കണമെന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗം തലവൻ ഡോ.വർഗീസ് പോൾ പറഞ്ഞു.

മാസ്‌ക്കുകൾ എങ്ങനെ ഉപയോഗിക്കാം

എൻ 95 മാസ്‌ക്ക്,രോഗികൾക്കും രോഗികളെ അടുത്തു നിന്നു പരിചരിക്കുന്നവർക്കും മാത്രമാണ്. ട്രിപ്പിൾ ലെയർ മാസ്‌ക്ക് ആശുപത്രി ജീവനക്കാരും ആരോഗ്യ പ്രവർത്തകരും ധരിക്കണം. പൊതുജനങ്ങൾ ധരിക്കേണ്ടതു ഡബിൾ ലെയർ മാസ്‌ക്കുകളാണ്. വീടുകളിൽ തന്നെ നിർമിക്കാവുന്ന കോട്ടൺ മാസ്‌ക്കുകളാണ് ഏ​റ്റവും അഭികാമ്യം. ഇവ കഴുകി വീണ്ടും ഉപയോഗിക്കാമെന്നതിനാൽ എല്ലാ ദിവസവും ഉപേക്ഷിക്കേണ്ടി വരുന്നില്ല.

മാസ്‌ക്കുകൾ ശുദ്ധമാക്കാൻ

കോട്ടൺ മാസ്‌ക്കുകൾ സോപ്പ് ലായനിയിലോ, ഡെറ്റോൾ ലായനിയിലോ കഴുകി അഞ്ച് മണിക്കൂറെങ്കിലും വെയിലത്ത് ഉണക്കി വീണ്ടും ഉപയോഗിക്കാം. ഒരാൾക്ക് രണ്ടു മാസ്‌ക്ക് എങ്കിലും വേണം. വെയിൽ ലഭിക്കാത്ത സീസണിൽ തേപ്പുപെട്ടി ഉപയോഗിച്ചു ചൂടാക്കിയാൽ മതി. പ്രഷർ കുക്കറിൽ 10 മിനിട്ട് തിളപ്പിക്കുന്നതും അല്ലാത്തപക്ഷം 15 മിനിട്ട് തിളപ്പിക്കുന്നതും ഫലപ്രദമാണ്.

സംസ്ക്കരിക്കുന്നത് എങ്ങിനെ

കത്തിച്ചുകളയണം. അല്ലെങ്കിൽ ആഴമുള്ള കുഴിയിൽ മൂടണം. ഒരു കാരണവശാലും വീടിനു പുറത്തോ പൊതുസ്ഥലങ്ങളിലോ ഉപേക്ഷിക്കരുത്.

മാസ്‌കും ഗ്ലൗസും ആറുമണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഉപയോഗിക്കരുത്. ഉപയോഗിച്ചവ പോക്ക​റ്റിൽ സൂക്ഷിക്കരുത്

നീതു സുകുമാരൻ, മെഡിക്കൽ ഓഫീസർ, കുറ്റ്യാടി