കൊച്ചി: കൊവിഡിന് മുമ്പാരംഭിച്ച വാഹനവിപണിയിലെ പ്രതിസന്ധി ലോക്ക് ഡൗണോടെ രൂക്ഷമായതായി കേരള ഓട്ടോമോബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പറഞ്ഞു. വാഹന വിപണിയെ കരകയറ്റാൻ സർക്കാർ നികുതിയിളവുകളും രക്ഷാപാക്കേജുകളും പ്രഖ്യാപിക്കണം. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അനേകം സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ലക്ഷക്കണക്കിന് തൊഴിൽ നഷ്ടം സംഭവിക്കുകയും ചെയ്യുമെന്ന് കേരള ഓട്ടോമോബൈൽ ഡീലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി മനോജ് കുറുപ്പ് പറഞ്ഞു.
വാഹനവിപണിയും, സാമ്പത്തികരംഗവും രണ്ടുവർഷമായി ബുദ്ധിമുട്ടിലാണ്. തുടർച്ചായ രണ്ടു പ്രളയവും വ്യവസായ മേഖലയെ ഗുരുതര പ്രതിസന്ധിയിലേയ്ക്ക് നീക്കിയിരുന്നു. 'വാഹന വിപണിയിലെ ഉയർന്ന പലിശ നിരക്കും ശമ്പളം ഉൾപ്പെടെ നടത്തിപ്പു ചെലവുകളും താങ്ങാവുന്നതിനപ്പുറമാണ്. ഗുരുതര സാഹചര്യത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാതെ നിരവധി ഡീലർഷിപ്പുകൾ കഴിഞ്ഞവർഷം അടച്ചുപൂട്ടി.
കൊവിഡ് മൂലം രൂപപ്പെട്ട പ്രതിസന്ധിയിൽ നിന്നു വിപണി തിരിച്ചുവരാൻ എട്ടു മാസമെങ്കിലുമാടുക്കും. ഒരു ലക്ഷത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന വാഹനവിപണി ഗുരുതര പ്രതിസന്ധി നേരിടുമ്പോൾ വാഹന നിർമ്മാതാക്കളിൽ നിന്നോ സർക്കാരിൽ നിന്നോ പിന്തുണ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.