കോലഞ്ചേരി: 'അതിഥി ദേവോ ഭവഃ ' ഹിന്ദി ആൽബവുമായി മോട്ടോർ വാഹന വകുപ്പ്. പെരുമ്പാവൂർ സബ്ബ് ആർ.ടി ഓഫീസാണ് ആൽബം തയ്യാറാക്കിയത്.അന്യസംസ്ഥാന തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ നൽകിയ സേവനങ്ങളാണ് സംഗീത ആൽബത്തിലൂടെ ലോകത്തെ അറിയിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് ഏറ്റവും ദുരിതത്തിലായവരായിരുന്നു അന്യസംസ്ഥാന തൊഴിലാളികൾ.പൊതു ഗതാഗതം നിർത്തിയതോടെ പലർക്കും സ്വന്തം നാടുകളിലേക്ക് തിരികെ പോകാൻ കഴിയാതെ വന്നു. ജോലി നിന്നതോടെ വരുമാനവും തീർന്നു. ദിവസവാടകക്ക് താമസിച്ചിരുന്നവരെ ഉടമസ്ഥർ താമസം നിഷേധിക്കുന്ന അവസ്ഥയും വന്നു. ഈ സാഹചര്യത്തിലാണ് ഇവരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക നിർദ്ദേശങ്ങൾ നൽകിയത്. ഇവർക്കു വേണ്ട ഭക്ഷണം ക്യാമ്പുകളിൽ എത്തിച്ചു നൽകി. ഒരോ ദേശക്കാർക്കും അവർക്കിഷ്ടപ്പെട്ട ഭക്ഷണമാണ് നൽകിയത്. ചപ്പാത്തി വേണ്ടവർക്ക് ചപ്പാത്തി നിർമ്മിക്കുന്ന യന്ത്രം വരെ എത്തിച്ചു. പൊലീസും, മോട്ടോർ വാഹന വകുപ്പും,തദ്ദേശ സ്ഥാപനങ്ങളും തൊഴിൽ വകുപ്പും സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഈ സേവനങ്ങളെ സ്‌ക്രീനിലേക്ക് പകർത്തുകയായിരുന്നു ആൽബത്തിലൂടെ. പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലുമാണ് ആൽബം ഷൂട്ട് ചെയ്തത്. സമൂഹ അടുക്കള, സൗജന്യ ചികിത്സ, രോഗ നിർണയത്തിനായുള്ള മൊബൈൽ ക്ലിനിക് സംവിധാനങ്ങൾ ക്യാമ്പുകൾ മറ്റ് സുരക്ഷാ സൗകര്യങ്ങൾ എന്നീ പ്രവർത്തനങ്ങളാണ് ആൽബത്തിലുള്ളത്. കേരളത്തിനു പുറത്തേക്കും പ്രവർത്തനങ്ങൾ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് വരികൾ ഹിന്ദിയിൽ ചെയ്തത്. ഷിംജാദ് ഹംസയാണ് സംവിധായകൻ. ഡോ.മഹേഷ്.എസ്. രചിച്ച വരികൾക്ക് എൽദോ .പി .ജോൺ സംഗീതം നിർവഹിച്ചു. നിധിൻ കൂട്ടുങ്കലാണ് ആലപിച്ചിരിക്കുന്നത്.