ലോക്ക് ഡൗണിൽ തകരുന്നത് കേരളത്തിലെ പതിനായിരക്കണക്കിന് ക്ഷേത്രകലാകാരന്മാരുടെ ജീവിതങ്ങൾ.....
കൊച്ചി: ലോക്ക് ഡൗണിൽ ജീവിതത്തിന്റെ ആരവമടങ്ങിയ കൂട്ടരാണ് ക്ഷേത്രകലാകാരന്മാർ. ഉത്സവപറമ്പുകളിൽ നിന്ന് ഉത്സവപറമ്പുകളിലേക്ക് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ഉൗണും ഉറക്കവുമില്ലാതെ ഇവർ ഓടിയിരുന്നത് ഒരുവർഷത്തേക്കുള്ള അന്നത്തിനുള്ള വക സ്വരുക്കൂട്ടാനാണ്. ഇക്കൊല്ലത്തെ ആ പ്രതീക്ഷകളാണ് കൊവിഡ് തട്ടിതകർത്തത്.
ആയിരക്കണക്കിന് ക്ഷേത്രകലാകാരന്മാരുടെ ജീവിതം വഴിമുട്ടി. കരകയറാൻ ഇനിയെത്രനാൾ കാത്തിരിക്കണമെന്ന ആശങ്ക.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളാണ് ഉത്സവ സീസൺ കത്തിക്കയറുക. കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് തുടങ്ങിയ ക്ഷേത്ര കലാകാരന്മാർക്കും ചെണ്ട, ഇലത്താളം, മിഴാവ് തുടങ്ങിയ വാദ്യ കലാകാരന്മാർക്കും അവസരങ്ങളൊത്തു വരുന്ന കാലം.
മൂന്ന് മാസക്കാലം ദിവസം മൂന്നും നാലും പരിപാടികൾ വരെ അവതരിപ്പിച്ചാണ് ഒരു വർഷത്തേക്കുള്ള വരുമാനം ഇവർ നേടിയിരുന്നത്.
ലോക്ക് ഡൗൺ മേയ് വരെ നീളുമെന്നതിനാൽ ഇനിയൊരു ഉത്സവവേദി ഈ വർഷം കിട്ടില്ലെന്ന് ഉറപ്പായി. വിരലിലെണ്ണാവുന്ന സ്ഥിരം ജോലിക്കാരേ ഇവരുടെ കൂട്ടത്തിലുള്ളൂ. വാടക വീടുകളിൽ റേഷൻ കാർഡ് പോലുമില്ലാതെ കഴിയുന്നവരും നിരവധി.
ക്ഷേത്രങ്ങളിൽ നിന്നുമുള്ള വരുമാനവും പൂർണമായി നിലച്ചതോടെ സർക്കാർ പ്രഖ്യാപിച്ച 1000 രൂപ വരുമാനത്തിൽ കഴിഞ്ഞുപോകാമെന്ന ഉറപ്പും കുടുംബമായി താമസിക്കുന്നവർക്കില്ല. വായ്പകളുടെയും മറ്റും ബാദ്ധ്യതകൾ വേറെയും.
ഇവരുടെ കഷ്ടപ്പാട് അകറ്റാൻ കലാസ്വാദകർ തന്നെ മുന്നിട്ടിറങ്ങണമെന്ന അപേക്ഷയാണ് ഈ അത്താഴ പഷ്ണിക്കാർ മുന്നോട്ടുവയ്ക്കുന്നത്. ലോക്ക് ഡൗൺ നീക്കിയാലും ആളുകൾ കൂടുന്ന ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ടാകും.
വീട്ടിൽ നടക്കുന്ന ചെറിയ പരിപാടികൾക്ക് തങ്ങളുടെ തൊട്ടടുത്തുള്ള കലാകാരന്മാരെ വിളിച്ച് പരിപാടി അവതരിപ്പിക്കാനുള്ള സന്മനസ് നാട്ടുകുർ കാണിക്കണമെന്നാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന ഒരാശയം.
നാട്ടുകാർ കനിയണം
"രണ്ട് പ്രളയകാലവും നിപ്പ കാലവും കടന്ന് ഈ വർഷം ജീവിതം കരുപ്പിടിപ്പിക്കാമെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ആ വഴിയും അടച്ച് കൊവിഡ് എത്തുന്നത്. കലാകാരന്മാരുടെ ജീവിതം മുന്നോട്ടു പോകണമെങ്കിൽ പൊതുജനം കനിയണം. വിലക്കുകൾ നീങ്ങുമ്പോൾ വീടുകളിൽ പരിപാടി അവതരിപ്പിക്കാൻ അവസരം നൽകണം. ഇക്കാര്യം സർക്കാരിന് ഒരു ആഹ്വാനമായി പറയാവുന്നതാണ്."
അനിൽ ചാക്യാർ
ചാക്യാർ കൂത്ത് കലാകാരൻ