വീട്ടമ്മയ്ക്ക് പരിക്ക് , 53 ചീനവലകൾ തകർന്നു
പറവൂർ : ബുധനാഴ്ച പുലർച്ചെ വീശിയടിച്ച ചുഴലിക്കാറ്റ് ഏഴിക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം വിതച്ചു. കായലുകളിലെ 53 ചീനവലകൾക്ക് കാറ്റിൽ തകർന്നു. വൃക്ഷങ്ങൾ കടപുഴകി വീണ് ഒരു വീടു പൂർണമായി തകർന്നു. നാല് വീടുകൾക്കു ഭാഗികമായ കേടുപാടു പറ്റി. വാഴ, ജാതി, പച്ചക്കറി തുടങ്ങി ഒട്ടേറെ കാർഷികവിളകൾ നശിച്ചു.
വീട്ടിൽ നിന്ന് ഇറങ്ങിയോടി
പുളിയും തെങ്ങും മറിഞ്ഞുവീണു. കടക്കര ആട്ടേക്കോളനിയിൽ പെരുന്തിട്ടപ്പറമ്പ് ജയകുമാറിന്റെ വീടു പൂർണമായി നശിച്ചു. വീട്ടിലുണ്ടായിരുന്ന ഭാര്യയും രണ്ടു മക്കളും സഹോദരിയും ഓടി പുറത്തിറങ്ങിയതിനാൽ രക്ഷപെട്ടു. ജയകുമാർ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറാണ്. പുളിങ്ങനാട് ആലിങ്ങത്തറ ഇന്ദിര, ആലിങ്ങത്തറ ജിനില എന്നിവരുടെ വീടുകൾക്ക് മുകളിലേക്കും മരം കടപുഴകി വീണ് ഭാഗികമായി കേടുപാടുണ്ടായി. 68 വയസുള്ള ഇന്ദിരയെ വീട്ടുകാരും സമീപവാസികളും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ കാലിന് പരിക്കേറ്റു. പുളിങ്ങനാട് പതിയപറമ്പിൽ ദാസന്റെ രണ്ടും കടക്കര നിസരിയിൽ അനീഷിന്റെ ഒരു പശുത്തൊഴുത്തും നശിച്ചു. പശുക്കൾക്കു പരിക്കില്ല. മരം കടപുഴകി വീണ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടേഴ്സ് ക്വാർട്ടേഴ്സിന് നാശമുണ്ടായി. വിഷുവായിരുന്നതിനാൽ ഇവിടെ ഡോക്ടർമാർ ഇല്ലായിരുന്നു.
കടക്കര പാലത്തിനു സമീപം റോഡിലേക്കു മരം മറിഞ്ഞുവീണു തടസപ്പെട്ട ഗതാഗതം ഫയർഫോഴ്സ് എത്തിയാണ് പുനഃസ്ഥാപിച്ചത്. വൈദ്യുതി ലൈനുകൾ പൊട്ടിയതിനാൽ പ്രദേശത്ത് ഏറെനേരം വൈദ്യുതി തടസമുണ്ടായി. തഹസിൽദാർ എം.എച്ച്. ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റ് ഗീത പ്രതാപൻ, റവന്യു, പഞ്ചായത്ത് അധികൃതർ, ജനപ്രതിനിധികൾ എന്നിവർ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. മത്സ്യസമ്പത്തിന്റെ അപര്യാപ്തത മൂലം തൊഴിലില്ലാതാവുകയും കൊവിഡ് മൂലം ദുരിതത്തിലുമായ മത്സ്യത്തൊഴിലാളികൾക്ക് ചീനവലകൾ നശിച്ചത് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.
കടക്കര, പുളിങ്ങനാട്, ചാത്തനാട് ഭാഗങ്ങളിലാണ് കാറ്റ് ഏറെ നാശം വിതച്ചത്.
ചീനവലകൾ തകർന്നത് മൂലം നഷ്ടം 50 ലക്ഷത്തിലേറെ.
മരം കടപുഴകി വീണ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടേഴ്സ് ക്വാർട്ടേഴ്സിന് നാശം.വിഷുവായിരുന്നതിനാൽ ഡോക്ടർമാർ ഇല്ലായിരുന്നു.