കോലഞ്ചേരി: കൊവിഡ് പ്രതിരോധത്തിന് സാമൂഹിക അകലം ഉറപ്പാക്കാൻ സർക്കാർ ഓഫീസുകൾക്ക് സെൻസർ നിർമ്മിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ. 'സോഷ്യൽ ഡിസ്റ്റൻസിംഗ് മീറ്ററെ' ന്ന ഉപകരണത്തിന് പിന്നിൽ എറണാകുളം ആർ.ടി ഓഫീസിലെ എം.വി.ഐ അരുൺ സി.ഡൊമനിക്കാണ്.
ഉപകരണമിരിക്കുന്നതിന് ഒരു മീറ്റർ അകലത്തിൽ ആളെത്തിയാൽ മുന്നറിയിപ്പ് നല്കും. ജോലിത്തിരക്കിനിടെ ഉദ്യോഗസ്ഥർക്ക് സാമൂഹ്യ അകലം ഉറപ്പാക്കാനാണ് വാണിംഗ് അലാറം. സന്ദർശകനും മുൻകരുതലെടുക്കാനാകും. ലെഡ് സെൻസറുകളാണ് ഇതിന്റെ പ്രധാന ഘടകം. ട്രയൽ റൺ വിജയകരമായി നടന്നു. എറണാകുളം ഓഫീസിലേയ്ക്കുള്ള സെൻസറുകൾ തയ്യാറാക്കും. കമ്പ്യൂട്ടർ വിദഗ്ദ്ധനായ അരുൺ വകുപ്പിന്റെ സോഫ്റ്റ് വെയർ അപ്ഡേഷനുകളിലടക്കം സജീവ സാന്നിദ്ധ്യമാണ്.