ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട കുന്നത്തേരിയിൽ ഒരു വിഭാഗം ആളുകൾ തുടർച്ചയായി ലോക്ക് ഡൗൺ ലംഘിക്കുന്നതായുള്ള ആക്ഷേപത്തെത്തുടർന്ന് ആലുവ പൊലീസ് റൂട്ട് മാർച്ച് നടത്തി. ഇന്നലെ ഉച്ചയോടെയാണ് അനൗൺസ്മെന്റ് വാഹനവും മുപ്പതോളം പൊലീസുകാരുമായി റൂട്ട് മാർച്ച് നടന്നത്.
ഭക്ഷ്യവസ്തുക്കൾ വാങ്ങാനെന്ന വ്യാജേന എത്തുന്ന നാട്ടുകാരിൽ ചിലരും വാഹനത്തിൽ മീൻ കച്ചവടത്തിനെത്തുന്ന ചിലരുമാണ് സർക്കാർ നിർദ്ദേശങ്ങൾ പതിവായി ലംഘിക്കുന്നത്. വാഹനത്തിൽ സഞ്ചരിച്ചും നിർത്തിയിട്ടുമുള്ള മീൻ വില്പനയ്ക്ക് സർക്കാർ അനുമതിയില്ല. എന്നാൽ ഭക്ഷ്യവസ്തുവെന്ന പേരിൽ ഇവിടെ വാഹനം നിർത്തിയിട്ടും കച്ചവടം തുടരുകയായിരുന്നു. മീൻ വാങ്ങാനെന്ന പേരിൽ എത്തുന്നവരും മണിക്കൂറുകളോളം ചെലവഴിക്കും. യൂണിയൻ ഷെഡിലും പതിവുപോലെ തന്നെ ആൾക്കൂട്ടമാണ്.
ഇതേത്തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും ആളുകൾ സ്ഥലംവിട്ടു. തുടർന്നാണ് കുന്നത്തേരി കവലയിൽ നിന്നും ദാറുസലാം വരെ പൊലീസ് റൂട്ട് മാർച്ച് നടത്തിയത്. ലോക്ക് ഡൗൺ ലംഘിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.