ചാരായം വാറ്റ് നാടെങ്ങും പെരുകി

കൊച്ചി: ലോക്ക് ഡൗണിൽ മദ്യവില്പനശാലകൾ അടച്ചതോടെ വാറ്റും വ്യാജമദ്യ വില്പനയും ലഹരിവസ്തുക്കളുടെ ഉപയോഗവും എറണാകുളം ജില്ലയിൽ പെരുകുന്നു. നൂറോളം കേസുകൾ എക്സൈസ് രജിസ്റ്റർ ചെയ്തു. 37 പേർ അറസ്റ്റിലുമായി. വീടുകളിൽ ചാരായം വാറ്റുന്നതാണ് പുതിയ രീതിയെന്ന് അധികൃതർ പറഞ്ഞു.

മദ്യപർ മറുവഴി തേടുകയാണെന്ന് എക്സൈസ്, പൊലീസ് അധികൃതർ പറഞ്ഞു. ബാറുകൾ അടച്ചെങ്കിലും സീൽ ചെയ്യാൻ എക്സൈസിന് സർക്കാർ നിർദ്ദേശം നൽകിയിട്ടില്ല.

ഈസ്റ്റർ, വിഷു കാലത്ത് പല ബാറുകളിൽ മദ്യം രഹസ്യമായി ജീവനക്കാർ വഴി കൊള്ളവിലയ്ക്ക് വിറ്റിട്ടുണ്ടെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം.

പിറവത്ത് മദ്യ വില്പന നടത്തിയ ബാർ മാനേജർ ജയ്സൺ, കൂട്ടുകാരൻ ജോമറ്റ് എന്നിവരെ പിറവം എക്സൈസ് പിടികൂടിയിരുന്നു. 22.5 ലിറ്റർ വിദേശമദ്യവും 6.5 ലിറ്റർ ബിയറും പിടികൂടി.

വ്യാജമദ്യവും വ്യാപകമായി വിൽക്കപ്പെടുന്നുണ്ടെന്നാണ് സൂചനകൾ. ചാരായം വാറ്റി നിറം കലർത്തിയും വിദേശമദ്യമെന്ന് പേരിൽ വില്പന നടത്തുന്നുണ്ട്. ഇതു സംബന്ധിച്ചും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

# വാറ്റ് വ്യാപകം

ലോക്ക് ഡൗണോടെ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും വാറ്റ് വ്യാപകമാണ്. നാലോ അഞ്ചോ പേർ ചേർന്ന് വാറ്റി സ്വയം ഉപയോഗിക്കുകയാണ്. വീടുകളിലും വാറ്റുണ്ട്. വീടുകൾ പരിശോധിച്ച് ഇവരെ പിടികൂടാനും കേസെടുക്കാനും എക്സൈസിന് പരിമിതികളുണ്ട്.

# അരിഷ്ടവും ലഹരിക്ക്

ലഹരി ലഭിക്കുന്ന ആയുർവേദ അരിഷ്ടങ്ങൾക്കും വലിയ ഡിമാൻഡായി. ചില അരിഷ്ടങ്ങൾ കലർത്തി കഴിച്ചാൽ അമിതലഹരിയും ലഭിക്കുമത്രെ.

മയക്കുമരുന്ന്, പാൻ പരാഗ് പോലുള്ള ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗവും വൻതോതിൽ വർദ്ധിച്ചു. കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ഇപ്പോഴും വീടുകളിലെത്തിച്ചു നൽകുന്നവരെ കണ്ടെത്താനും ശ്രമം തുടരുകയാണ്.

# വാറ്റാണ് വില്ലൻ

ചാരായം വാറ്റൽ വ്യാപകമായതാണ് ലോക്ക് ഡൗൺ കാലത്തെ പ്രവണത. വീടുകളിലാണ് വാറ്റ് കൂടുതൽ. സാമൂഹ്യമാദ്ധ്യമങ്ങളിൽ വാറ്റ് പഠിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ ഡൗൺലോഡ് ചെയ്യുന്നവരെ കണ്ടെത്താൻ സൈബർ സംവിധാനം ഒരുക്കി. കർശനമായ നടപടി സ്വീകരിക്കും.

രഞ്ജിത്ത്

ഡപ്യൂട്ടി കമ്മിഷണർ

എക്സൈസ്

# എക്സൈസ് കേസുകൾ

അബ്കാരി ചട്ടലംഘനം : 45

മയക്കുമരുന്ന് : 5

പുകവലി, ചവയ്ക്കുന്ന വസ്തുക്കൾ : 42

പിഴ ഈടാക്കിയത് : 8,400

# അറസ്റ്റ്

അബ്കാരി ചട്ടലംഘനം : 31

മയക്കുമരുന്ന് : 6

# പിടിച്ചെടുത്തവ : ലിറ്റർ

വ്യാജമദ്യം : 10.4

ചാരായം : 15.3

വിദേശമദ്യം : 22.400

കള്ള് : 5.5

അരിഷ്ടം : 265.6

കഞ്ചാവ് : 110

കഞ്ചാവ് ചെടി : 3

നശിപ്പിച്ച വാഷ് : 3505