കുറുപ്പംപടി: മുടക്കുഴ കവലക്ക് സമീപം കുറുപ്പംപടി - പാണംകുഴി റോഡിന് ചേർന്ന് കോടനാട് ബ്രാഞ്ച് കനാൽ ബണ്ട് റോഡിൽ വൻ വിള്ളൽ. 1965 ൽ പണി പൂർത്തിയായ കനാലിൽ നിരവധി തവണ അറ്റകുറ്റപണികൾ നടത്തിയെങ്കിലും ഇപ്പോൾ വിള്ളൽ കണ്ട ഭാഗത്ത് അറ്റകുറ്റപണികളൊന്നും നടന്നിട്ടില്ലെന്ന് വടൂപാടം പാടശേഖര സമിതി പ്രസിഡൻ്റ് റെജി നടക്കൽ പറഞ്ഞു.പെരിയാർവാലി മൈനർ ഇറിഗേഷൻ പദ്ധതിക്ക് കീഴിൽ വരുന്നതാണ് ഇവിടം. ഇപ്പോൾ വിള്ളൽ കണ്ട ഭാഗത്തിൻ്റെ ഇരു ഭാഗങ്ങളും അറ്റകുറ്റപണികൾ നടത്തിയിട്ടുള്ളതാണ്. കനാലിന്റെഈ ഭാഗത്തെ ബലക്ഷയം അന്ന് നാട്ടുകാർ ചൂണ്ടി കാണിച്ചെങ്കിലും അധികൃതർ ചെവികൊണ്ടില്ലെന്ന ആക്ഷേപവും നിലവിലുണ്ട്. അടുത്ത വെള്ളം തുറന്നു വിടുന്നതിനു മുൻപ് നന്നാക്കിയില്ലെങ്കിൽ ബണ്ട് തകർന്ന് റോഡ് കുത്തിയൊലിച്ചു പോകുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.