dileep
കാറ്റിലും മഴയിലും നശിച്ച വാഴത്തോട്ടത്തിൽ ഉടമ അടുവാശേരി തട്ടാരുപറമ്പിൽ ദിലീപ്

നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിൽ ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ കാൽലക്ഷത്തിലേറെ വാഴയും, ജാതി ഉൾപ്പെടെ നിരവധി പച്ചക്കറി കൃഷിയും നശിച്ചു. കൊവിഡ് -19 ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രയാസം നേരിടുന്ന കർഷകർക്ക് പ്രകൃതിക്ഷോഭത്തെ തുടർന്നുണ്ടായ കൃഷിനാശം കനത്ത ദുരിതമായി.

കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണ് നശിച്ചതിൽ ഭൂരിഭാഗവും. സ്വർണം പണയം വെച്ചും കടം വാങ്ങിയുമാണ് വയലുകര, കുറ്റിപ്പുഴ, കോവാട്ട്, അടുവാശേരി എന്നിവടങ്ങളിലെ കർഷകരിൽ ഭൂരിഭാഗവും കൃഷിയിറക്കിയിരിക്കുന്നത്. ഇവിടെയാണ് വൻ കൃഷിനാശം നേരിട്ടത്.

അടുവാശേരി തട്ടാരുപറമ്പ് ദിലീപിന്റെയും വാഴക്കൃഷി നശിച്ചു. ഓണത്തിന് വിളവെടുപ്പ് നടക്കേണ്ട വാഴകളും നശിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.യു. ജബ്ബാർ, മെമ്പർമാരായ ഷീജ ഷാജി, പി.എ. കുഞ്ഞുമുഹമ്മദ് എന്നിവർ സ്ഥലം സന്ദർശിച്ചു. കൃഷിനാശം നേരിട്ട കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് മുഖ്യമന്ത്രിയോടും കൃഷി വകുപ്പ് മന്ത്രിയോടും കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ ആവശ്യപ്പെട്ടു.