surgery

കൊച്ചി: ലോക്ക് ഡൗൺ ആശങ്കകൾക്കിടയിൽ നാഗർകോവിലിലെ ജയഹരൺ ആശുപത്രിയിൽ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ച ചോരക്കുഞ്ഞ് ഹൃദയശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്. ഏഴു മണിക്കൂർകൊണ്ട്‌ ശസ്ത്രക്രിയ പൂർത്തിയാക്കി,​ കുഞ്ഞിനെ ഐ.സി.യുവിലേക്കു മാറ്റി. 48 മണിക്കൂർ പ്രധാനമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

വിഷുദിനത്തിൽ രാവിലെയാണ് നാഗർകോവിൽ സ്വദേശിനിക്ക് കുഞ്ഞ് ജനിച്ചത്. പിറന്നയുടനെ ദേഹം നീലനിറമായി. കാർഡിയോളജിസ്റ്റ് ഡോ. വെങ്കിടേഷ് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. എഡ്വിൻ ഫ്രാൻസിസുമായി സംസാരിച്ചു. എത്രയും വേഗം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണമെന്ന നിഗമനത്തിലെത്തി.

ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ മുഖ്യമന്ത്രി പിണറായി വിജയനുമായി മുൻ എം.പി പി. രാജീവ് മുഖേന ബന്ധപ്പെട്ടു. മുഖ്യമന്ത്രി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസുമായും തമിഴ്നാട് സർക്കാരുമായും ബന്ധപ്പെട്ടു. ഉച്ചയ്ക്ക് 1.40 ന് കുട്ടിയെ കൊണ്ടുവരാൻ വെന്റിലേറ്ററുള്ള ആംബുലൻസ് ലിസിയിൽനിന്ന് പുറപ്പെട്ടു. വൈകിട്ട് 6.30 ന് കുഞ്ഞുമായി തിരിച്ച ആംബുലൻസ് രാത്രി പത്തോടെ ലിസിയിലെത്തി.

# വഴിമാറിയ ധമനികൾ

ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളിൽ ഏറ്റവും സങ്കീർണമായ അവസ്ഥയായിരുന്നു കുഞ്ഞിന്.

ശുദ്ധരക്തവും അശുദ്ധരക്തവും വഹിക്കുന്ന ധമനികൾ പരസ്പരം മാറിയ നിലയിലായിരുന്നു. അശുദ്ധരക്തം നിറഞ്ഞാണ് കുട്ടിയുടെ ശരീരം നീലിച്ചത്.

രണ്ട് ധമനികളും മുറിച്ചെടുത്തു പരസ്പരം മാറ്റി സ്ഥാപിക്കുന്ന അതിസങ്കീർണമായ ശസ്ത്രക്രിയയാണ് ഇന്നലെ രാവിലെ നടത്തിയത്. മഹാധമനിയിൽ നിന്ന് ആരംഭിക്കുന്ന ഒരു മില്ലിമീറ്റർ വ്യാസം മാത്രമുള്ള രക്തധമനികളെ ഇടത്തേ അറയിലേക്കു മാറ്റി. ഡോ. ജി.എസ്. സുനിലിന്റെ നേതൃത്വത്തിലാണ്‌ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഡോ. എഡ്വിൻ ഫ്രാൻസിസ്, ഡോ. ജെസൺ ഹെൻട്രി, ഡോ. ഫിലിപ്പ് മാത്യു, ഡോ. അനു ജോസ്, ഡോ. ബിജേഷ് വി, ഡോ. ദിവ്യ ജേക്കബ് എന്നിവർ പങ്കാളികളായി. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു എന്നിവർ പിന്തുണയേകി.