മൂവാറ്റുപുഴ: ലോക്ക്ഡൗണിൽപ്പെട്ട് അയൽ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുകയോ അവർക്ക് ആവശ്യമായ സഹായം എത്തിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ജോലി തേടി പോയവരും, പഠനത്തിനായി പോയവരുമാണ് ഈ തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മിക്കവാറും സ്ഥലങ്ങളിൽ ഭക്ഷണത്തിനു പോലും വലിയ ബുദ്ധിമുട്ട് ആണെന്നാണ് അറിയുന്നത്. മഹാരാഷ്ട്രയിലെ അകോള, സോളാപൂർ, റായ്ഗഡ്, കർണ്ണാടകയിലെ കോളാർ, തമിഴ്നാട്ടിലെ കോയമ്പത്തൂർ എന്നീ ജില്ലകളിൽ അകപ്പെട്ട് കഷ്ടപ്പെടുന്നവരുടെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇവരെ തിരിച്ചു കൊണ്ടുവരാൻ നടപടി സ്വീകരിക്കണം. അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ തേനി കളക്ടർ അനുമതി നൽകി ബോഡിമെട്ട് ചെക്ക് പോസ്റ്റിലെത്തിയിട്ടും, ഗർഭിണിയായ ഭാര്യയുമായി ഇടുക്കി സ്വദേശി യുവാവിന് മടങ്ങിപോകേണ്ടി വന്നു. 8 മണിക്കൂർ സമയം കാത്തു നിന്നിട്ടും നിബന്ധനകൾ പാലിച്ചുകൊള്ളാമെന്നു പറഞ്ഞിട്ടും അധികൃതർ അനുമതി നൽകിയില്ല. വിദേശത്തു നിന്നും നമ്മുടെ ആളുകളെ മടക്കി കൊണ്ടുവരാൻ ഒറ്റക്കെട്ടായി നിൽക്കുമ്പോഴും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇങ്ങോട്ടു വരാൻ ശ്രമിക്കുന്നവർക്ക് അനുകൂലമായ തീരുമാനം ഇനിയും വൈകിക്കരുതെന്നും കത്തിലൂടെ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.