കൊച്ചി : രണ്ടാം ഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായി പൊലീസിന്റെ പരിശോധനകൾ ശക്തമാക്കിയതോടെ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിലും വർദ്ധനയുണ്ടായി. വിഷു, ഇൗസ്റ്റർ ദിനങ്ങളുടെ ഭാഗമായി സാധനങ്ങൾ വാങ്ങാനും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ ജനം നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്ത് ഇറങ്ങിയിരുന്നു. ഇതു കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ സർക്കാർ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനാലാണ് ഇന്നലെ കേസുകളുടെ എണ്ണം കൂടിയത്.
ലോക്ക് ഡൗൺ കേസുകളിങ്ങനെ
എറണാകുളം സിറ്റി
കേസിന്റെ എണ്ണം : 46
അറസ്റ്റിലായവർ : 71
കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ : 36
എറണാകുളം റൂറൽ
കേസിന്റെ എണ്ണം : 137
അറസ്റ്റിലായവർ : 115
കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ : 92
പരിശോധന കർശനമാക്കിയെന്ന് അസി. കമ്മിഷണർ കെ. ലാൽജി
എറണാകുളം നഗരത്തിൽ ചെക്കിംഗ് പോയിന്റുകളുടെ എണ്ണത്തിൽ വർദ്ധന വരുത്തിയിട്ടില്ല. അവശ്യ സർവീസിലുൾപ്പെട്ടവരും അടിയന്തര സാഹചര്യങ്ങളിലുള്ളവരും മാത്രം പുറത്തിറങ്ങുന്നുവെന്ന് ഉറപ്പാക്കും. വരും ദിനങ്ങളിലും പരിശോധന കർശനമാക്കും. കെ. ലാൽജി പറഞ്ഞു.
വ്യാജവാറ്റുകാരെ കണ്ടെത്താൻ ഡ്രോണുകൾ
എറണാകുളം റൂറൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും വ്യാജവാറ്റുകാരെയും ലോക്ക് ഡൗൺ ലംഘിക്കുന്നവരെയും ഡ്രോണുകളുടെ സഹായത്തോടെ കണ്ടെത്തി കേസെടുത്തിട്ടുണ്ടെന്ന് എറണാകുളം റൂറൽ എസ്.പി കെ. കാർത്തിക് വ്യക്തമാക്കി. ലോക്ക് ഡൗൺ നീട്ടിയ വിവരം വ്യക്തമാക്കി റൂറൽ ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലും റൂട്ട് മാർച്ച് നടത്തി. ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ സബ് ഡിവിഷനുകളിലെ എല്ലാ സ്റ്റേഷനുകളുടെയും പരിധിയിൽ ഡ്രോണുകൾ ഉപയോഗിച്ചു നിരീക്ഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.