കൂട്ടത്തിൽ കൊവിഡിനെ തുടർന്ന് വിമാനത്തിൽ നിന്നും പിടികൂടിയയാളും

നെടുമ്പാശേരി: ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരൻമാർ ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചു. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ബ്രിട്ടീഷ് എയർവേയ്സിന്റെ പ്രത്യേക വിമാനത്തിലാണ് യാത്ര.

മൂന്നാറിൽ നിരീക്ഷണത്തിലിരിക്കെ കൊവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് വിമാനത്തിൽ നിന്നും പിടികൂടിയ ബ്രിയാൻ നെയിലും സംഘത്തിലുണ്ട്. ഇയാൾ കളമശേരി മെഡിക്കൽ കോളേജിലെ ചികിത്സയിൽ രോഗമുക്തനായാണ് മടക്കം.

ബ്രസീലിൽ നിന്നുള്ളവരും സംഘത്തിലുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ കൂട്ടിയാണ് വിമാനം നെടുമ്പാശേരിയിലെത്തിയത്. ഇവിടെ നിന്ന് 170 പേർ കയറി.

കേരളം മികച്ച രീതിയിലാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് പൗരനായ ഡേവിഡ് മൂർ അഭിപ്രായപ്പെട്ടു. കേരളത്തിൽ നിന്ന് രോഗവിമുക്തരായ ഏഴ് പേരും ഇവരിലുണ്ട്.