police
വധൂ വരന്മർ പൊലീസ് സ്റ്റേഷനിലെത്തി കൊവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറുന്നു

ആരോഗ്യ പ്രവർത്തകർക്കുള്ള 15 പി.പി.ഇ കിറ്റും, പൊലീസിനുപയോഗിക്കാൻ നൂറ് മാസ്ക്കും,സാനിറ്റൈസറും വിവാഹ സമ്മാനമായി കൈമാറി വിവാഹ സദ്യയ്ക്കു കരുതിയ പണം മാറാടി കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് അരിയും പല ചരക്കു സാധനങ്ങളും വാങ്ങി നൽകി

കൊച്ചി: വിവാഹം കഴിഞ്ഞ് വധുവും, വരനും വിവാഹ വസ്ത്രത്തിൽ പൊലീസ് സ്റ്റേഷനിൽ. പൊലീസ് നടപടികളുടെ ഭാഗമായല്ല, കൊവിഡ് പ്രതിരോധത്തിൽ പൊലീസിന് കൈത്താങ്ങുമായാണ്. ഇന്നലെയായിരുന്നു പെരുമ്പല്ലൂർ തോണിക്കുഴിച്ചാലിൽ ബിന്ദുക്കുട്ടന്റെ മകൻ അഖിൽ നാദിന്റെയും , ആരക്കുഴ മേമടങ്ങ് കുഞ്ഞാലിക്കപറമ്പിൽ നാരായണന്റെ മകൾ അശ്വതിയുടെയും വിവാഹം. വിവാഹ ശേഷം അടുത്ത ബന്ധുക്കളായ അഞ്ചു പേരോടൊപ്പം ഇവർ നേരെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തി ആരോഗ്യ പ്രവർത്തകർക്കുള്ള 15 പി.പി.ഇ കിറ്റും, പൊലീസിനുപയോഗിക്കാൻ നൂറ് മാസ്ക്കും,സാനിറ്റൈസറും വിവാഹ സമ്മാനമായി കൈമാറുകയായിരുന്നു. ലോക്ക് ഡൗണിന് മുമ്പായിരുന്നു വിവാഹ നിശ്ചയം,ഇന്നലെ നടക്കേണ്ട വിവാഹത്തിന് ബന്ധുക്കളടക്കം 700 പേരെ ക്ഷണിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗൺ എത്തിയതോടെ ചടങ്ങുകൾ പൂർണമായും ഒഴിവാക്കി വരന്റെ അടുത്ത ബന്ധുക്കളായ എട്ടു പേർ വധൂ ഗൃഹത്തിലെത്തി .പൂമാല കിട്ടാത്തതിനാൽ തുളസി മാല ചാർത്തി ചടങ്ങുകൾ പൂർത്തിയാക്കി. നേരത്തെ വിവാഹ സദ്യയ്ക്കു കരുതിയ പണം മാറാടി കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് അരിയും പല ചരക്കു സാധനങ്ങളും വാങ്ങി നൽകിയിരുന്നു. ഇന്നലെ വിവാഹ ശേഷം വധൂ വരന്മാർ നേരെ സ്റ്റേഷനിലെത്തി പ്രതിരോധ സാമഗ്രികളും എസ്.ഐ ടി.എം സൂഫിയ്ക്ക് കൈമാറി. എ.എസ്.ഐ പി.സി ജയകുമാറുംമറ്റു പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിന് സാക്ഷികളായി.