തൃക്കാക്കര : ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചുനൽകിയ എറണാകുളം കളക്ടർ എസ്. സുഹാസിനെ പ്രശംസിച്ച് തിരക്കഥകൃത്തും നടനുമായ രഞ്ജി പണിക്കർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കളക്ടറെ പ്രശംസിച്ചത്.
'' രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കളക്ടർ ശ്രീ. സുഹാസ് ഐ.എ.എസ്. ഒറ്റപ്പെട്ട തുരുത്തിലേയ്ക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ കളക്ടറുടെ തോണിയാത്ര ഒറ്റയ്ക്ക്. ഇതാവണമെടാ കളക്ടർ…sense ..sensibility..sensitivity..Suhas.. '' രഞ്ജി പണിക്കർ കുറിച്ചു.
പിന്നാലെ, മമ്മൂട്ടി പോസ്റ്റ് ഷെയറും ചെയ്തു. ഇതോടെ നിരവധി പേരാണ് കളക്ടർക്ക് അഭിനന്ദനവുമായി രംഗത്തുവന്നത്.
ഒറ്റപ്പെട്ടുപോയ താന്തോണിത്തുരുത്ത് ദ്വീപ് നിവാസികൾക്ക് സഹായവുമായി എത്തിയതായിരുന്നു കളക്ടർ എസ്.സുഹാസ്. മറ്റൊരു മാർഗത്തിലൂടെയും എത്താനാകാത്ത ഈ സ്ഥലത്തേക്ക് വഞ്ചിയിലാണ് കളക്ടർ ഭക്ഷണക്കിറ്റുകളുമായി എത്തിയത്. 65 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അരിയും പലവ്യഞ്ജനങ്ങളുമടക്കം 17 കൂട്ടം സാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് എത്തിച്ചത്.
വഞ്ചിക്കാരല്ലാതെ സുരക്ഷാചുമതലയിലുള്ളവരുടെയോ മറ്റു ഉദ്യോഗസ്ഥരുടെയോ അകടമ്പടിയില്ലാതെയാണ് കളക്ടർ താന്തോണിത്തുരുത്തിലെത്തിയത്.