kochi

കൊച്ചി: ലോക്ക് ഡൗണിന്റെ കടമ്പകൾ താണ്ടി കൊച്ചിയിൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയമായ പിഞ്ചോമനയ്ക്ക് ഇനി രണ്ട് നാൾ നിർണായകം. ഇന്നലെയാണ് ലോക്ക് ഡൗൺ ആശങ്കകൾക്കിടയിൽ നാഗർകോവിലിലെ ജയഹരൺ ആശുപത്രിയിൽ നിന്ന് ജനിച്ച് രണ്ടാംനാൾ കുഞ്ഞിനെ കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ച് അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമായത്. 48 മണിക്കൂർ ശസ്ത്രക്രിയ പോലെ തന്നെ പ്രാധാന്യമേറിയതാണെന്ന് ഡോക്ടർമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടപെടലിലാണ് സംസ്ഥാനങ്ങളുടെ അതിർത്തി ഭേദിച്ച് പിഞ്ചോമന ചികിത്സയ്ക്കായി കൊച്ചിയിലെത്തിയത്.

വിഷുദിനത്തിൽ രാവിലെയായിരുന്നു നാഗർകോവിൽ സ്വദേശിനിയ്ക്ക് കുഞ്ഞ് ജനിച്ചത്. എന്നാൽ, പിറന്നുവീണയുടൻ കുഞ്ഞുശരീരം നീലനിറമായി. അവസ്ഥ ഗുരുതരമായതോടെ അവിടത്തെ കാർഡിയോളജിസ്റ്റ് ഡോ. വെങ്കിടേഷ്, ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ. എഡ്വിൻ ഫ്രാൻസിസുമായി സംസാരിച്ചതിൽ എത്രയും വേഗം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണമെന്ന നിഗമനത്തിലെത്തി.

ഇപ്പോഴത്തെ സാഹചര്യത്തിൽ അതിർത്തി കടന്നുള്ള യാത്ര സാധ്യമാകുമോ എന്ന ആശങ്കയിൽ ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ സഹായത്തിനായി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. കാര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട അദ്ദേഹം എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസുമായും തമിഴ്‌നാട് സർക്കാരുമായും ബന്ധപ്പെട്ട് യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തു. തുടർന്ന് അന്നേദിവസം തന്നെ ഉച്ചയ്ക്ക് 1.40 ന് കുട്ടിയെ കൊണ്ടുവരാനായി പ്രത്യേകം തയ്യാറാക്കിയ വെന്റിലേറ്ററുള്ള ആംബുലൻസ് ലിസി ആശുപത്രിയിൽ നിന്ന് പുറപ്പെട്ടു.

വൈകിട്ട് 6.30 ന് കുഞ്ഞുമായി എറണാകുളത്തേക്ക് തിരിച്ചു. രാത്രി പത്തോടെ ലിസിയിൽ എത്തിച്ചേർന്ന കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി വിശദമായ പരിശോധനകൾക്ക് വിധേയയാക്കി. കുഞ്ഞുങ്ങളിൽ ജന്മനാ ഉണ്ടാകുന്ന ഹൃദ്‌രോഗങ്ങളിൽ ഏറ്റവും സങ്കീർണവും അപൂർവ്വവുമായ രോഗാവസ്ഥയായിരുന്നു കുഞ്ഞിന്. സാധാരണ ഹൃദയത്തിന്റെ വലത്തേ അറയിൽ നിന്നും പമ്പ് ചെയ്യുന്ന അശുദ്ധരക്തം പൾമണറി ആർട്ടറി വഴി ശ്വാസകോശത്തിൽ എത്തി ശുദ്ധീകരിക്കപ്പെട്ട ശേഷം അവിടെ നിന്ന് ഇടത്തെ അറയിലെത്തി മഹാധമനി വഴി തലച്ചോർ അടക്കമുള്ള ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയാണ് പതിവ്.

കുഞ്ഞിലാകട്ടെ ശുദ്ധരക്തവും അശുദ്ധരക്തവും വഹിക്കുന്ന ധമനികൾ പരസ്പരം മാറിയ നിലയിലായിരുന്നു. അശുദ്ധരക്തം നിറഞ്ഞാണ് കുട്ടിയുടെ ശരീരം നീലനിറമായത്. ഇന്നലെ രാവിലെ തന്നെ കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തി. രണ്ട് ധമനികളും മുറിച്ചെടുത്തു പരസ്പരം മാറ്റി സ്ഥാപിക്കുന്ന അതിസങ്കീർണ്ണമായ ശസ്ത്രക്രിയയാണ് നടത്തിയത്. അതോടൊപ്പം തന്നെ മഹാധമനിയിൽ നിന്ന് ആരംഭിക്കുന്ന ഒരു മില്ലിമീറ്റർ വ്യാസം മാത്രമുള്ള രക്തധമനികളെ ഇടത്തെ അറയിലേക്ക് മാറ്റി. ഏകദേശം ഏഴു മണിക്കൂർ സമയമെടുത്താണ് കുട്ടികളുടെ ശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ. ജി. എസ്. സുനിലിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.