beedi

കൊച്ചി: എന്തിനാണ് ഫാൻ മോഷ്ടിച്ചത് ? ശബ്ദം കുടുപ്പിച്ച് പൊലീസിന്റെ ചോദ്യം. ബീഡി വാങ്ങാൻ ! മറുപടി കേട്ട് പൊലീസ് അന്തം വിട്ടു. തെരുവിൽ കഴിയുന്നവരെ പാർപ്പിച്ച ക്യാമ്പിൽ നിന്നും ഫാൻ അടിച്ച് മാറ്റിയ കേസിൽ മൂന്ന് പേരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ബീഡിക്കാര്യം പ്രതികൾ വെളിപ്പെടുത്തിയത്.ആലപ്പുഴ ഹരിപ്പാട് ചെറുതന ലക്ഷ്മി നിവാസിൽ സുധീഷ് (37), കൊല്ലം പുനലൂർ കാര്യറ മജു മൻസിലിൽ മജു മുഹമ്മദലി (28), എറണാകുളം ചക്കരപ്പറമ്പ് കണിയാപ്പിള്ളി വീട്ടിൽ ജിന്തേഷ് (39) എന്നിവരെ അറസ്റ്റ് ചെയ്തത്.


ബുധനാഴ്ച സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് ഷിബു സ്ഥലത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ചില ക്ലാസ്സ് മുറികൾ തുറന്നു കിടന്നത് ശ്രദ്ധയിൽ പെട്ട് പരിശോധിച്ചപ്പോളാണ് ഫാനുകൾ മോഷണം പോയതായി അറിയുന്നത്. ഉടൻ പ്രിൻസിപ്പൽ എത്തി കാര്യം സ്ഥിരീകരിക്കുകയും സെൻട്രൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. സി.ഐ വിജയശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും അന്തേവാസികളെ ചോദ്യം ചെയ്തുമാണ് പ്രതികളെ കണ്ടെത്താനായത്. പ്രതികളെ ചോദ്യം ചെയ്തതില് ഇവർ എറണാകുളത്തുള്ള ആക്രി കടയിൽ ഫാനുകള് വിറ്റതായി കണ്ടെത്തി.

ബീഡി മേടിക്കാൻ പൈസ ഇല്ലാത്തത് കൊണ്ടാണ് മോഷ്ടിച്ചതെന്ന് കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു മൂവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. അസി. കമീഷണർ കെ. ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ എസ്.എച്ച്.ഒ വിജയ ശങ്കർ, എസ്.ഐമാരായ വിപിൻകുമാർ, തോമസ്, എ.എസ്.ഐ സന്തോഷ്, സി.പി.ഒ സിബിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.