കൊച്ചി: കൊവിഡ് 19 നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും പോസിറ്റീവ് റിപ്പോർട്ട് ചെയ്തതോടെ ജില്ല അതീവ ജാഗ്രതയിൽ. 1,262 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,127 പേർ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. ഇവരെ 28 ദിവസത്തെ നിരീക്ഷണത്തിലും, 135 പേർ ലോ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.
കൊവിഡ് സ്ഥിരീകരിച്ച് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആരോഗ്യപ്രവർത്തകൻ രോഗം ഭേദമായി ആശുപത്രിവിട്ടു. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന രണ്ടുപേരെയും വിട്ടയച്ചു. നിലവിൽ 27 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷനിലുള്ളത്. ഇതിൽ 11 പേർ മെഡിക്കൽ കോളേജിലും രണ്ടുപേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും മൂന്നുപേർ ആലുവ ജില്ലാ ആശുപത്രിയിലും രണ്ടുപേർ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും ഒമ്പതുപേർ സ്വകാര്യ ആശുപത്രിയിലുമാണ്. ആറുപേരാണ് കൊവിഡ് പോസിറ്റീവായി ജില്ലയിൽ ചികിത്സയിലുള്ളത്. പുതുതായി 25 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 392 പേരെ പട്ടികയിൽനിന്ന് ഒഴിവാക്കി. 20 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു. ഫലം ലഭിച്ച 51 എണ്ണവും നെഗറ്റീവാണ്. ഇനി 85 ഫലങ്ങൾകൂടി ലഭിക്കാനുണ്ട്.
162 കോളുകളാണ് കൺട്രോൾ റൂമിൽ ലഭിച്ചത്. വീടുകളിൽ നിരീക്ഷണത്തിലുള്ള 19 പേർ ഡോക്ടറുമായി വീഡിയോകോൾ സംവിധാനത്തിലൂടെ സംസാരിച്ചു. ജില്ലയിലെ രണ്ട് കൊവിഡ് കെയർ സെന്ററുകളിലായി 29 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 27 പേർ തൃപ്പൂണിത്തുറയിലാണ്. രണ്ടുപേർ നെടുമ്പാശേരിയിലും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ഒമ്പതു ഗർഭിണികളുടെ ആരോഗ്യവിവരങ്ങൾ ആരോഗ്യപ്രവർത്തകർ ഫോൺവഴി ശേഖരിച്ചു. ചൊവ്വാഴ്‌ച കൊച്ചി തുറമുഖത്ത് എത്തിയ നാലു കപ്പലുകളിലെ 113 ക്രൂ അംഗങ്ങളെ പരിശോധിച്ചു. ആർക്കും രോഗലക്ഷണങ്ങളില്ല