കൊച്ചി: ലോക്ക് ഡൗൺ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും സാമ്പത്തികാടിത്തറ തകർത്ത സാഹചര്യത്തിലും ഏറ്റവും സമ്പന്നവിഭാഗമായ ക്രൈസ്തവസഭകളുടെ മൗനം ഞെട്ടിക്കുന്നതാണെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ആരോപിച്ചു.

കാലങ്ങളായി നേർച്ചപ്പണമായി പിരിച്ചെടുത്ത അളവില്ലാത്ത സമ്പത്തിന്റെ ചെറിയൊരു ശതമാനമെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാർക്കോ അവർക്കായി അന്നമൊരുക്കുന്ന സർക്കാരിനോ നൽകാൻ സഭകൾക്ക് ബാദ്ധ്യതയുണ്ടെന്ന് കൗൺസിൽ പത്രക്കുറിപ്പിൽ പറഞ്ഞു.

പങ്കുവയ്പ്പിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുകയും അയൽക്കാരനെ സഹോദരനായി കാണാൻ ആഹ്വാനം ചെയ്യുകയും ചെയ്ത പുൽക്കൂട്ടിൽ പിറന്ന യേശുവിന്റെ പിന്മുറക്കാരായ ക്രൈസ്തവ മതനേതൃത്വം വിശക്കുന്നവന്റെ വിളി കേൾക്കാൻ തയ്യാറാകണം. ക്രൈസ്തവ ഇടവക പള്ളികൾ കേന്ദ്രീകരിച്ച് അർഹരായവർക്ക് ജാതിമതഭേദമില്ലാതെ സാമ്പത്തിക സഹായവും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യാൻ തയ്യാറാകണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.