-baby

ലണ്ടൻ: കൊവിഡ് ബാധിച്ച് ജീവൻപൊലിഞ്ഞ പൂർണ ഗർഭിണിയായ നഴ്‌സിന്റെ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തു. കുഞ്ഞ് പൂർണ ആരോഗ്യവാനെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യു.കെ സ്വദേശി മേരി ആഗീവ ആഗ്യാപോംഗ് (28) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇവർ, യുകെയിലെ ലൂട്ടൺ ആൻറ് ഡൺസ്റ്റേബിൾ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സായിരുന്നു.

ഏപ്രിൽ ഏഴിനാണ് മേരിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന്, ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് ഇവർ കൊവിഡ് ബാധിച്ച് മരിച്ചത്. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു ഇവരുടെ പരിശോധന ഫലം വന്നത്. പൂർണഗർഭിണിയായതിനാൽ സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല

മേരിക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഇവരുടെ ഭർത്താവ് സ്വയം ഐസൊലേഷനിലേയ്ക്ക് മാറിയിരുന്നു. ഇയാളുടെയും സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.നാഷണൽ ഹെൽത്ത് സർവീസിലെ നഴ്‌സ് എന്ന നിലയ്ക്ക് തന്റെ ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു മേരിയെന്നാണ് സഹപ്രവർത്തകർ പ്രതികരിച്ചത്.