കൊച്ചി: ലോക്ക് ഡൗൺ കാലത്ത് സാമൂഹ്യസുരക്ഷാ പദ്ധതികൾ തുടരുകയാണ് യു.എ.ഇ ആസ്ഥാനമായ മലയാളി സംരംഭമായ ഏരീസ് ഗ്രൂപ്പ്. പത്തു വെന്റിലേറ്ററുകൾ ആശുപത്രികൾക്ക് നൽകിയതുൾപ്പെടെ വിവിധ സഹായങ്ങൾ തുടരുമെന്ന് ഗ്രൂപ്പ് ചെയർമാൻ സോഹൻറോയ് അറിയിച്ചു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസം കേരളത്തിലെ രണ്ടായിരം കുടുംബങ്ങൾക്ക് തന്റെ ജീവനക്കാരിലൂടെ സഹായം എത്തിച്ചു. പത്ത് ജില്ലകളിലേയ്ക്ക് ഓരോ വെന്റിലേറ്ററുകളും ഗ്രൂപ്പിന്റെ പദ്ധതികളിൽ ഉൾപ്പെടുത്തി. തൃശൂർ ജില്ലയിലെ ദേശമംഗലത്തെ സ്വന്തം വീട് ഐസലേഷൻ വാർഡിനായി വിട്ടുനൽകുമെന്നും പ്രഖ്യാപിച്ചു
ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിന്റെ സാന്നിദ്ധ്യത്തിൽ 1800 നിർദ്ധന കുടുംബങ്ങൾക്ക് സഹായം നൽകാൻ സാമൂഹിക അടുക്കളകൾക്ക് അരിയും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു.
കെ.എ.പി ഒന്നാം ബറ്റാലിയൻ സേനാംഗങ്ങൾക്കുള്ള 1000 മാസ്‌കുകൾ ഏരീസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ശ്യാം കുറുപ്പ് അസിസ്റ്റന്റ് കമാൻഡന്റ് ജോസ് വി. ജോർജിന് കൈമാറി. ബറ്റാലിയൻ സ്വന്തമായി നിർമ്മിക്കുന്ന മാസ്‌കുകൾക്ക് ആവശ്യമായ സാമ്പത്തിക സഹായവും ഏരീസ് നൽകി.