കൊച്ചി: ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ വാഹന, ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ പുതുക്കാനുള്ള തീയതി മേയ് 15 വരെ നീട്ടി. ലോക്ക് ഡൗൺ കാലയളവിൽ പ്രീമിയം അടയ്ക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം.
തേഡ് പാർട്ടി മോട്ടോർ വാഹന ഇൻഷ്വറൻസിനും ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾക്കുമാണ് ഇളവ് ബാധകം. മാർച്ച് 25 നും മേയ് മൂന്നിനുമിടയിൽ കാലാവധി തീരുന്ന ആരോഗ്യ, മോട്ടോർ വാഹന തേർഡ് പാർട്ടി പോളിസി ഉടമകൾക്ക് കോവിഡ് മൂലമുള്ള പ്രതിസന്ധി കാരണം പ്രീമിയം സമയത്തിന് പുതുക്കാൻ സാധിച്ചില്ലെങ്കിൽ മേയ് 15 നുള്ളിൽ അടച്ചാൽ മതി. പുതുക്കേണ്ട സമയം കഴിഞ്ഞാലും പോളിസി നിലനിൽക്കുകയും തടസമില്ലാതെ ക്ലെയിം ചെയ്യാനും സാധിക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.