കോലഞ്ചേരി: ലോക്ക് ഡൗണിൽ തുഴ വള്ളം തുണയാക്കി ശ്രീനിവാസൻ. ഏക വരുമാനമായിരുന്ന ഫർണിച്ചർ വർക്ക് ഷോപ്പടച്ച് വീട്ടിലിരുന്നപ്പോഴാണ് വള്ളം നിർമ്മാണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. തീരെ മുൻ പരിചയമില്ലാത്ത പണിയാണെങ്കിലും ഒരു കൈ പയറ്റാമെന്ന് തന്നെ തീരുമാനിച്ചു. മഴുവന്നൂർ എഴിപ്രം തടത്തിൽ ടി.കെ ശീനിവാസനാണ് പ്രതിസന്ധിയെ മറയാക്കി വള്ളം നിർമ്മിച്ചത്. നിർമാണ വിദ്യ യു-ട്യൂബിൽ നിന്നും പഠിച്ചു. വീട്ടുമുറ്റത്ത് പലകകൾ നിരന്നതോടെ ഭാര്യ കൃഷ്ണയും സഹായത്തിനെത്തി. മൂന്ന് വയസുകാരൻ മകൻ മാധവും അച്ഛനു പണി ആയുധങ്ങൾ എടുത്തു കൊടുക്കാൻ കൂടെയുണ്ട്. പ്ലാവിന്റെ പലക കൊണ്ടാണു വള്ളമുണ്ടാക്കിയിരിക്കുന്നത്. കയറും ചകിരിയും ഉപയോഗിച്ചു പലകകൾ ചേർത്തു. കശുവണ്ടിപ്പശ കൊണ്ടു വിടവുകൾ അടച്ചു. 4 മീറ്റർ നീളവും മുക്കാൽ മീറ്റർ വീതിയുമുള്ള വള്ളത്തിൽമൂന്ന് പേർക്ക് പേർക്ക് സഞ്ചരിക്കാം. 2018-ലെ പ്രളയ കാലത്ത് നാട്ടിൽ വള്ളങ്ങൾക്കു ക്ഷാമമുണ്ടായത് രക്ഷാപ്രവർത്തനങ്ങളിൽ പ്രതിസന്ധിയുണ്ടാക്കിയതാണ് ശ്രീനിവാസിനെ നാടൻ വള്ളമുണ്ടാക്കാൻ പ്രേരിപ്പിച്ചത്. 15,000 രൂപയാണ് സാധനങ്ങൾ വാങ്ങാൻ ചെലവായത്. പണിക്കൂലി കൂടി ചേർന്നാൽ 30,000 രൂപ വില വരും. ആവശ്യക്കാരുണ്ടെങ്കിൽ ഇനിയും വള്ള നിർമ്മാണം തുടരാൻ തന്നെയാണ് തീരുമാനമെന്ന്ശ്രീനിവാസൻ പറഞ്ഞു.