ബെർലിൻ: ഒടുവിൽ കളിക്കളം ഉണരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് യൂറോപ്പിൽ താൽക്കാലികമായി നിർത്തിവച്ച ഫുട്‌ബോൾ ലീഗുകൾക്ക് ബുണ്ടസ് ലീഗോടെ ആരംഭം കുറിക്കും. മേയ് ആദ്യ വാരത്തോടെ ജർമ്മൻ ലീഗിൽ ഫുട്‌ബോൾ മത്സരങ്ങൾക്ക് തുടക്കമാകുമെന്നാണ് റിപ്പോർട്ട്. ഇതിനായുള്ള അന്തിമ യോഗം ഈ മാസം 23 ന് നടക്കും. ജർമ്മനിയിലെ പ്രമുഖ 36 ക്ലബ്ബുകൾ ആണ് ചർച്ചയിൽ പങ്കെടുക്കുക. നേരത്തെ തന്നെ ജർമ്മനിയിലെ രണ്ട് പ്രമുഖ ക്ലബ്ബുകൾ പരിശീലനം തുടങ്ങിയിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 30 വരെയാണ് ജർമനിയിലെ ടോപ് 2 ഡിവിഷൻ ടൂർണമെന്റുകൾ മാറ്റി വച്ചത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ജനങ്ങൾ ഏറെ ആഗ്രഹിക്കുന്നുണ്ട്. അവർക്ക് ആശ്വാസം പകരാൻ ബുണ്ടസ് ലീഗക്ക് സാധിക്കുമെന്ന് ജർമൻ ഫുട്‌ബോൾ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ്റ്റ്യൻ സീഫേർട്ട് പറഞ്ഞു.
യൂറോപ്പിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ജർമനി. ഇതുവരെ ജർമനിയിൽ 110,000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2100 പേർക്ക് ജീവൻ നഷ്ടമായി. ബുണ്ടസ് ലീഗ സീസൺ ഉപേക്ഷിക്കുന്നത് ലീഗിലെ അഞ്ച് ടീമുകളെ സാമ്പത്തികമായി തകർക്കുമെന്ന് സീഫേർട്ട് പറഞ്ഞു. സെക്കന്റ് ടയറിലെ പകുതിയോളം ടീമുകൾ വലിയ കടക്കെണിയിലേക്ക് വീഴുമെന്നും അദ്ദേഹം പറഞ്ഞു.