മുംബയ് : സൗരവ് ഗാംഗുലി- എം.എസ് ധോനി. ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച നായകന്മാർ. ഇരുവരുടെ ക്യാപ്റ്റൻസിയിൽ ചില സാമ്യങ്ങൾ ഉണ്ടെന്നാണ് ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളറായ സഹീർ ഖാൻ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. ഏതൊരു താരത്തിനും മികച്ച പ്രകടനം നടത്തുന്നതിനും ടീമിൽ പിടിച്ചുനിൽക്കുന്നതിലും നായകന്റെ പിന്തുണ അനിവാര്യമാണ്. അക്കാര്യത്തിൽ ദാദയും ധോണിയും ഒരുപോലെയാണെന്നാണ് സഹീർ പറയുന്നത്.
കരിയറിന്റെ ആദ്യ കാലത്ത് ഗാംഗുലി നൽകിയ പിന്തുണ മറക്കാനാവില്ല. അതുകൊണ്ടു മാത്രമാണ് തനിക്കു ഇത്രയും മികച്ച നേട്ടങ്ങൾ കൈവരിക്കാനായത്. സ്വന്തം കരിയർ എങ്ങനെ വാർത്തെടുക്കണമെന്നു തീരുമാനിക്കുന്നത് താരമാണ്. പക്ഷേ, അതിന് പിന്തുണ കൂടിയേ തീരൂ. ഗാംഗുലി അന്നു തനിക്കൊപ്പം ഉറച്ചു നിന്നു.
യുവതാരങ്ങൾക്കും ഇതേ പിന്തുണ തന്നെയാണ് ധോണിയും നൽകാറുള്ളതെന്നും സഹീർ വ്യക്തമാക്കി. നായകെന്ന നിലയിൽ ധോണിയുടെ കരിയറിന്റെ തുടക്കം വളരെ എളുപ്പമായിരുന്നു. ധോണി ദേശീയ ടീമിലെത്തുമ്പോൾ നിരവധി സീനിയർ താരങ്ങൾ സംഘത്തിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ടീമിനെ മുന്നോട്ടു കൊണ്ടുപോവുകയെന്നത് ധോണിക്കു എളുപ്പമായിരുന്നു. എന്നാൽ പിന്നീട് സീനിയർ താരങ്ങൾ വിരമിക്കാൻ തുടങ്ങിയതോടെ യുവതാരങ്ങളിൽ ധോണിക്കു വിശ്വാസമർപ്പിക്കേണ്ടിവന്നു. അത് മനോഹരമായി നിറവേറ്റാൻ ധോണിക്ക് സാധിച്ചു. സഹീർ പറഞ്ഞു.