ജനുവരിയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ മൂന്ന് കൊവിഡ് ബാധിതരെ ചികിത്സിച്ച് ഭേദമാക്കി കേരളം സുരക്ഷിതമായെന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് ഇറ്റലിയിൽ നിന്ന് വീണ്ടും രോഗികളെത്തുന്നത്. പിന്നീട് വളരെ പെട്ടെന്നാണ് മൂന്നിൽ നിന്ന് മുന്നൂറിലേക്ക് രോഗികളുടെ എണ്ണമുയർന്നത്. ഇതു മനസിലാക്കിവേണം ലോക്ക്‌ഡൗൺ ഇളവുകളെ സമീപിക്കേണ്ടത്. ഒരു മാസം കൂടി ലോക്ക് ഡൗണിൽ തുടരുന്നതു കൊണ്ട് അസുഖത്തെ പൂർണമായും തുടച്ചുനീക്കാനാവില്ല. എന്നാൽ ലോക്ക് ഡൗൺ പൂർണമായി മാറ്റി വിമാന, ട്രെയിൻ സർവീസുകളും മറ്റു യാത്രാമാർഗങ്ങളും പുനഃരാരംഭിക്കുമ്പോൾ രാജ്യത്തിന് പുറത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വീണ്ടും രോഗികൾ എത്തും. അതിനാൽ ഘട്ടംഘട്ടമായി ഇളവുകൾ നൽകുകയല്ലാതെ മറ്റൊരു മാർഗവും സർക്കാരിന് മുന്നിലില്ല. ഒരു കേസ് 100 കേസിലേക്ക് എത്താൻ എത്ര സമയമെടുക്കുമെന്നും ഏതു ഘട്ടത്തിൽ വീണ്ടും ലോക്ക്‌ഡൗൺ കർശനമാക്കണമെന്നും മനസിലാക്കാൻ ഈ ഇളവുകൾ സർക്കാരിനെ സഹായിക്കും. ഒന്നിച്ച് എല്ലാവർക്കും രോഗം വരുന്ന അവസ്ഥ ഒഴിവാക്കുകയാണ് ലോക്ക്ഡൗണിന്റെ ലക്ഷ്യം.