കോലഞ്ചേരി: കുടുംബ ശ്രീ വായ്പ കിട്ടാൻ കാത്തിരുന്ന് കുടുംബശ്രീക്കാർക്ക് ശ്രീ ഇല്ലാതായി.സർക്കാർ പ്രഖ്യാപനത്തെ തുടർന്ന് 20,000 രൂപയുടെ വായ്പ സ്വപ്നത്തിലായിരുന്നു എല്ലാവരും. എന്നാൽ ആവശ്യക്കാരേറിയപ്പോൾ വായ്പയ്ക്ക് അർഹരായവരെ കണ്ടെത്താൻ മാനദണ്ഡങ്ങൾ കർക്കശമാക്കിയതോടെ പലർക്കും വായ്പ കിട്ടില്ലെന്നുറപ്പായി. ഒരംഗത്തിന് 5000 രൂപ എന്ന തോതിൽ തുക അയൽക്കൂട്ടങ്ങൾക്കു വകയിരുത്താനും അംഗങ്ങൾ ചർച്ച ചെയ്ത് അർഹരായവർക്ക് 5000, 10,000, 15,000, 20,000 എന്നിങ്ങനെ തുക അനുവദിക്കാം എന്നാണ് ഇപ്പോഴത്തെ തീരുമാനം.
ഒമ്പത് ശതമാനം പലിശയോടെ നൽകുന്ന വായ്പ , ലഭിച്ച് ആറു മാസത്തിനു ശേഷം അടച്ചു തുടങ്ങി 36 മാസം കൊണ്ട് അടവ് പൂർത്തിയാക്കണം. തിരിച്ചടവിൻ്റെ കൃത്യതയിൽ പലിശ സബ് സിഡിയായി തിരിച്ചു ലഭിക്കും.വായ്പ നൽകണമെങ്കിൽ 672 കോടിയോളം രൂപ വേണം. സർക്കാർ അനുവദിച്ചതാകട്ടെ 181 കോടിയും.
#പ്രതിസന്ധിയിലായി അയൽക്കൂട്ടം
വായ്പ ആവശ്യപ്പെട്ട് അപേക്ഷ നൽകിയ ചിലർ പണം കുറഞ്ഞതോടെ വായ്പ ഉപേക്ഷിക്കുമെന്നു പറഞ്ഞത് അയൽക്കൂട്ടം ഭാരവാഹികളെ പ്രതിസന്ധിയിലായാക്കി. ആ പണം നിലവിൽ വേണ്ടവർ തന്നെ ചിലയിടങ്ങളിൽ എടുത്തപ്പോൾ മറ്റിടങ്ങളിൽ പണമെടുക്കാനും ആളില്ലാതായി. പലയിടത്തും അയൽക്കൂട്ടം അംഗങ്ങൾ തമ്മിൽ തർക്കത്തിനും ഇതു കാരണമായി. 2000 കോടി രൂപയാണ് അയൽക്കൂട്ടം അംഗങ്ങൾക്ക് സർക്കാർ വായ്പ നൽകാനായി ആകെ പ്രഖ്യാപിച്ചത്. ഒരംഗത്തിന് 20,000 രൂപയാണു പരമാവധി വായ്പാ തുക. അപേക്ഷകരുടെ എണ്ണം കൂടിയതോടെയാണ് അർഹരെ കണ്ടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ കർക്കശമാക്കിയത്.
#പുതുക്കിയ മാർഗ നിർദ്ദേശങ്ങളിൽ ഒഴിവാക്കേണ്ടവർ
* സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയിൽ കൂടുതലുള്ള ഏതെങ്കിലും സഹായം ലഭിക്കുന്നവരെയും രണ്ടിൽ കൂടുതൽ വായ്പകൾ ഉള്ളവരെയും ഒഴിവാക്കണം
* സർക്കാർ അവശ്യ സർവീസ് ആയി പ്രഖ്യാപിച്ച സ്വകാര്യ സ്ഥാപനങ്ങളിലും കടകളിലും ജോലി ചെയ്യുന്ന 10,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ
* 10,000 രൂപയിൽ കൂടുതൽ പെൻഷനോ ഓണറേറിയമോ കൈപ്പറ്റുന്നവർ
#വഴക്കിൽ കലാശിച്ചു
അപേക്ഷകൾക്കനുസരിച്ചു തുക വിതരണം ചെയ്യാനാവില്ലാത്തതിനാലാണ് അർഹമായ വായ്പ തുക നിശ്ചയിക്കാനുള്ള ഉത്തരവാദിത്തം അയൽക്കൂട്ടങ്ങളെ തന്നെ ഏൽപ്പിച്ചത്. ഇതോടെ അംഗങ്ങൾ തമ്മിൽ വഴക്ക് മൂത്തു. യോഗം ചേരാതെ ഫോൺ വഴിയാണ് അംഗങ്ങളുമായി പ്രസിഡൻ്റും സെക്രട്ടറിയും സംവദിക്കുന്നത്. വാട്സ് ആപ്പിലും തർക്കം മൂർദ്ധന്യത്തിലായി. ഇവർ അപേക്ഷ എ.ഡി.എസിനും, തുടർന്ന് സി.ഡി.എസിനും ഒടുവിൽ ജില്ലാ മിഷനിലുമെത്തിയാണ് ലോൺ ലഭ്യമാക്കുന്ന നടപടി പുരോഗമിക്കുന്നത്.
#ജില്ലയിൽ അപേക്ഷിച്ചത് 24,000ലധികം അയൽക്കൂട്ടങ്ങൾ
#അപേക്ഷകർ 3.36 ലക്ഷത്തോളം