
കറാച്ചി : ഏകദിന ക്രിക്കറ്റിൽ ഒന്നാം നമ്പർ ബാറ്റ്‌സ്മാനാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പേടിയോടെയാണ് പലരും താരത്തിന് എതിരെ പന്തെറിയുന്നത്. കോഹ്ലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞിട്ടുണ്ടെന്നതാണ് ഇതിന് കാരണം. എന്നാൽ, കോഹ്ലിയെ പുറത്താക്കാനുള്ള ടെക്നിക്ക് കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാക് ഇതിഹാസം ഷുഐബ് അക്തർ.
ക്രീസിൽ നിന്നും കുറച്ചു വൈഡായി ബൗൾ ചെയ്ത്, പന്ത് ഓഫ് സ്റ്റംപിന് പുറത്തേക്ക് പോവുന്ന തരത്തിൽ കോലിയെക്കൊണ്ട് ഡ്രൈവ് ചെയ്യിപ്പിക്കാൻ പ്രേരിപ്പിച്ച് പുറത്താക്കും. ഈ തന്ത്രം വിജയച്ചില്ലെങ്കിൽ മറ്റൊന്നായിരിക്കും പരീക്ഷിക്കുക. 150 കിമി വേഗത്തിൽ കോലിക്കെതിരേ ബൗൾ ചെയ്യും. അതിൽ തീർച്ചയായും കോഹ്ലി പുറത്താവുമെന്നും അക്തർ പറയുന്നു.
ഇൻസ്റ്റഗ്രാം ലൈവ് വീഡിയോയിൽ സംസാരിക്കവെയാണ് കോഹ്ലിയെ വീഴ്ത്താനുള്ള തന്ത്രം തന്റെ പക്കലുണ്ടെന്നു റാവൽപിണ്ടി എക്‌സ്പ്രസ് വെളിപ്പെടുത്തിയത്. നേരത്തെ, കൊവിഡ് ധനസമാഹരണത്തിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മത്സരം നടത്തണമെന്ന് അക്തറിന്റെ അഭ്യർത്ഥന വൻ വിവാദത്തിന് വഴിവച്ചിരുന്നു. പാക് പേസറിന്റെ പുതിയെ വെളിപ്പെടുത്തലിൽ കോഹ്ലിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകർ.