ആലുവ: ആലുവ ചൂണ്ടി സ്വദേശി ജെഫി സേവ്യാറിന് പച്ചക്കറി കച്ചവടം പണം സമ്പദിക്കാനുള്ള മാർഗം മാത്രമല്ല. കാരുണ്യ പ്രവർത്തനത്തിനുള്ള വഴി കൂടിയാണ്. ദേശീയപാത വഴി പോകുന്നവരിൽ കാൻസർ രോഗികളുണ്ടെങ്കിൽ ആരും മടിക്കേണ്ട ജെഫി സേവ്യാറിൻ്റെ കടയിലെത്തിയാൽ സൗജന്യമായി പച്ചക്കറി ലഭിക്കും. കുറെ നാളായി ജെഫി സേവ്യാറിൻ്റെ പ്രവർത്തന രീതിയിതാണ്.
എറണാകുളം റോഡിൽ പുളിഞ്ചോട് കവലയിലും അങ്കമാലി റോഡിൽ അത്താണിയിലുമാണ് ചൂണ്ടി ചെക്കനാട്ട് വീട്ടിൽ ജെഫി സേവ്യാറിൻ്റെ പച്ചക്കറി കടകൾ. ചെങ്ങമനാട് റോഡിലെ കടയിലും കാൻസർ രോഗികൾക്ക് സൗജന്യ പച്ചക്കറി കിറ്റ് ലഭിക്കും. സൗജന്യമായി പച്ചക്കറി നൽകുന്നത് അറിഞ്ഞതോടെ ഇപ്പോൾ സ്ഥിരമായി കാൻസർ ബാധിതരോ ബന്ധുക്കളോ വരും. ഇപ്പോൾ ആഴ്ച്ചയിൽ ഒരു ദിവസമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് കാലത്തും പ്രതിസന്ധിയിലായവരെ സഹായിക്കാൻ ജെഫി മുന്നിലുണ്ട്. വനിത പൊലീസ് സെല്ലിൽ ഇന്നലെ 25 പേർക്കാണ് ജെഫിൻ പച്ചക്കറി കിറ്റ് നൽകിയത്.ആലുവയിലെ മാദ്ധ്യമ പ്രവർത്തകർക്കും ഇന്നലെ ജെഫിൻ്റെ വക പച്ചക്കറി കിറ്റ് നൽകിയിരുന്നു. മീഡിയ ക്ലബ് സെക്രട്ടറി കെ.സി. സ്മിജൻ, ട്രഷറർ റഫീക്ക് അഹമ്മദ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഷാജി കോട്ടേപ്പറമ്പിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.