police
ആലുവ ജില്ലാ ആശുപത്രി ജംഗ്ഷനിൽ നടത്തിയ പച്ചക്കറി, പഴം വില്പന പൊലീസെത്തി തടയുന്നു

ആലുവ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ പൊലീസ് അൽപ്പം അയഞ്ഞപ്പോൾ വഴിയോര കച്ചവടക്കാർ നിരത്തുകൾ കൈയേറി. പൊലീസ് വീണ്ടും സജീവമായതോടെ കച്ചവടക്കാർ സ്ഥലംവിട്ടു. കൊവിഡ് -19 ചികിത്സാകേന്ദ്രം കൂടിയായ ആലുവ ഗവ. ആശുപത്രിക്ക് സമീപമുള്ള കവലയിൽ വാഹനങ്ങൾ നിർത്തിയിട്ടായിരുന്നു പച്ചക്കറി, പഴക്കച്ചവടം നടന്നത്. കുറച്ചു ദിവസങ്ങളായി ഇവിടെ പഴക്കച്ചവടം നടന്നിരുന്നു. ഇതുവഴി വാഹനങ്ങളിൽ കടന്നുപോകുന്നവരാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. രണ്ട് ദിവസമായി പച്ചക്കറിവില്പനയും ആരംഭിച്ചതോടെ തിരക്ക് വർദ്ധിച്ചു. ഇന്നലെ രാവിലെ ആൾക്കൂട്ടം കണ്ടാണ് പൊലീസ് ഇടപെട്ട് വില്പന നിർത്തിവച്ചത്. പൊലീസ് വന്നതോടെ സാധനങ്ങൾ വാങ്ങാൻ വന്നവരും സ്ഥലംവിട്ടു.

കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായപ്പോൾ കുറച്ചു ദിവസങ്ങളായി ആലുവ പൊലീസ് അയഞ്ഞ അവസ്ഥയിലായിരുന്നു. ഇതേത്തുടർന്ന് ഈസ്റ്ററിനും വിഷുവിനുമെല്ലാം ആലുവ മാർക്കറ്റ് സാധാരണ പോലെയാണ് പ്രവർത്തിച്ചത്. മാസ്ക് പോലും ധരിക്കാതെ മാർക്കറ്റിൽ ആളുകളെത്തി. കച്ചവടക്കാരിലും മാസ്ക് ധരിക്കാത്തവരുണ്ടായിരുന്നു.