മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തിലെ ഡെങ്കിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഇന്നലെ രണ്ട് മൂന്ന് വാർഡുകൾ ഉൾപ്പെടുന്ന അഞ്ചൽപെട്ടി ഭാഗത്ത് നടന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് മെഡിക്കൽ ഓഫീസർ ഡോ.ബിനി ജോൺ, ഹെൽത്ത് സൂപ്പർവൈസർ എം.കെ.ഹസൈനാർ, ഹെൽത്ത് ഇൻസ്‌പെക്ടർ സാബു ജോസഫ്, പഞ്ചായത്ത് മെമ്പർ സിന്ധു ബെന്നി എന്നിവരുടെ നേതൃത്വത്തിൽ 12 അംഗ ആരോഗ്യ പ്രവർത്തകരാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ഡെങ്കിപ്പനി സ്ഥിരീകരിച്ച ഉടനെ തന്നെ രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഫോമിംഗ് നടത്തിയിരുന്നു.
* ഡെങ്കിപ്പനി സ്ഥിരീകരിച്ചത്: ആറ് പേർക്ക്
* രണ്ട് പേരുടെ രോഗം സുഖമായി
* നിലവിൽ ചികിത്സയിലുള്ളത് നാല് പേർ
#ഇന്നത്തെ പ്രതിരോധ പ്രവർത്തനങ്ങൾ
ആയവന, ആവോലി, മഞ്ഞള്ളൂർ പഞ്ചായത്തുകളിലെ മുഴുവൻ ആശവർക്കർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ഇന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്കിറങ്ങും.ധാരാളം കോഴിഫാമുകൾ ഉള്ള പ്രദേശമായ ഇവിടെ കോഴി കൃഷി ഇല്ലാതായതോടെ ഫാമുകളിൽ കോഴിക്ക് വെള്ളം കൊടുക്കുന്ന പാത്രത്തിൽ കെട്ടികിടക്കുന്ന വെള്ളം, വീടുകളിലെ ഫ്രിഡ്ജുകളിലെ വെയ്സ്റ്റ് വെള്ളം, വീടുകൾക്ക് സമീപമുള്ള പഴയ പാത്രങ്ങളിലും പ്ലാസ്റ്റിക് ബോട്ടിലുകൾ പടുതകൾ അടക്കമുള്ളവയിൽ കെട്ടികിടക്കുന്ന മഴവെള്ളമടക്കമുള്ളവ ശുചീകരിക്കും.