ആലുവ: ഏറ്റെടുത്ത് രണ്ടുവർഷം പിന്നിട്ടിട്ടും ജനസേവ ശിശുഭവനിലെ കുട്ടികളുടെ സംരക്ഷണത്തിന് ചെലവഴിച്ച ഒരു കോടി രൂപ മടക്കി നൽകാത്തതിനെതിരെ ജനസേവ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർ നടപടികൾക്കായി പരാതി സാമൂഹ്യക്ഷേമ വകുപ്പിന് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

2018 മേയ് 20 മുതൽ സർക്കാർ ജനസേവയുടെ നിയന്ത്രണം ഏറ്റെടുത്തതിനുഷേം കുട്ടികളെ സംരക്ഷിച്ച ഇനത്തിൽ കഴിഞ്ഞ മാർച്ച് 31 വരെയുള്ള കണക്കനുസരിച്ചാണ് ഒരു കോടിയിൽപ്പരം രൂപ ജനസേവയ്ക്ക് ലഭിക്കാനുള്ളത്. ജനസേവ ചെലവാക്കിയ പണം മടക്കി നൽകണമെന്നാവശ്യപ്പെട്ട് പലതവണ ജില്ലാ കളക്ടറെ സമീപിച്ചിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് മുഖ്യമന്ത്രിക്കും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിക്കും പരാതി നൽകിയത്.

ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജനസേവ ഏറ്റെടുത്തതെങ്കിലും പിന്നീട് അവർ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് ആക്ഷേപം. അവർ ജനസേവയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളൊന്നും തെളിയിക്കാനും കഴിഞ്ഞിട്ടില്ല. ജനസേവ പലിശരഹിതവായ്പ വാങ്ങിയാണ് കുട്ടികളുടെ ദൈനംദിന ആവശ്യങ്ങൾ നടത്തുന്നത്.