കോലഞ്ചേരി: യൂട്യൂബ് ഗുരു, കുക്കർ 'ഡിസ്റ്റിലറി', കുടി മുട്ടിയവർ സകല പരീക്ഷണങ്ങളും നടത്തുകയാണ്, സുരപാനത്തിനായി.
വീടുകളിൽ വാറ്റ് ഊർജിതമായപ്പോൾ ശർക്കരയ്ക്ക് വില ഇരട്ടിച്ചു. ലോക്ക് ഡൗണിന് മുമ്പ് 45 രൂപയിൽ നിന്ന് ശർക്കര വില 90ലെത്തി.
ശർക്കര കൂടുതൽ വാങ്ങുന്നവരെ തേടി എക്സൈസുകാരും
രംഗത്തുണ്ട്. അതിനാൽ കള്ളലക്ഷണമുള്ളവരിൽ നിന്ന് തോന്നിയ വില വാങ്ങുന്നുണ്ട് ചില കച്ചവടക്കാർ.
വാറ്റുകാരുടെ പ്രധാന അസംസ്കൃതവസ്തു ഇപ്പോൾ പൈനാപ്പിളാണ്. വിലയിടിഞ്ഞതും ചരക്കു കെട്ടിക്കിടക്കുന്നതും മൂലം കുറഞ്ഞ വിലയ്ക്ക് നല്ല പൈനാപ്പിൽ ജില്ലയിലെങ്ങും ലഭ്യമാണ്.
നേരത്തെ നശിപ്പിച്ചു കളഞ്ഞിരുന്ന തിരിവ് പൈനാപ്പിൾ വാങ്ങാൻ വൻകിട വാറ്റുകാരുമുണ്ട്.
ചെറിയ കഷണങ്ങളാക്കി ചതച്ചെടുത്ത പത്ത് കിലോ പൈനാപ്പിളിൽ അതേ അളവിൽ ശർക്കരയും രാജകീയ രുചിയ്ക്ക് തക്കോലവും, കറുകപ്പട്ടയും, ഗ്രാമ്പുവും ചേർത്താണ് വാറ്റ്. കുക്കർ ഉപയോഗം വന്നതോടെ സംഗതി സിംപിളായി.
14ന് ലോക്ക് ഡൗൺ പിലവലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. അത് അസ്തമിച്ചതോടെ ശർക്കരയ്ക്ക് മുടിഞ്ഞ ചിലവാണ്. മൂന്നു മാസം വിൽക്കേണ്ട ശർക്കര കഴിഞ്ഞ ദിവസങ്ങളിൽ വിറ്റുപോയതായി വ്യാപാരികൾ പറയുന്നു. വൻ തോതിൽ വിറ്റഴിച്ചതോടെയാണ് ശർക്കര ക്ഷാമമായത്.
ചില പേഴ്സണൽ വാട്‌സാപ്പ് ഗ്രൂപ്പുകളിലും വീട്ടിലെ വാറ്റ് ലൈവ് ഡെമോയുമുണ്ട്. യൂട്യൂബിൽ വാറ്റ് പഠിക്കുന്നവരെയും, ശർക്കര കൂടുതൽ വാങ്ങുന്നവരെയും കണ്ടെത്താൻ എക്സൈസ് വകുപ്പ് തീവ്ര ശ്രമത്തിലുമാണ്.
വാറ്റ് സാമഗ്രികളുടെ വില
തക്കോലം വില 800 450
കറുകപ്പട്ട 750-800 450
ഗ്രാമ്പു 900 500
ശർക്കര 90 45